തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തുറന്ന് സമ്മതിച്ചു. പോലീസിന്റെ മൂന്നാം മുറ അനുവദിക്കില്ല. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന വ്യക്തമായ നിര്‍ദ്ദേശം പോലീസിന് നല്‍കിയിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

അച്ചടക്ക ലംഘനം വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യുവാക്കളേയും കുട്ടികളേയും കാണാതാകുന്ന സംഭവങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമണ്‍ ശ്രീവാസ്തവയുടെ നിയമനം എന്തോ വലിയ കുഴപ്പമായി കരുതുന്നവരുണ്ട്. 

ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവയ്ക്ക് ഉപദേശകനാകുന്നതിനെന്ത് തടസമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. രാഷ്ട്രീയക്കാര്‍ക്കെതിരെ കാപ്പ ചുമത്തില്ലെന്നും യുഎപിഎ അത്യസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമെന്നാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

ടിപി സെന്‍കുമാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി കിട്ടിയ അവസരങ്ങളിലെല്ലാം പ്രതിപക്ഷം ചോദിച്ചത് സംസ്ഥാനത്തെ പൊലീസ് മേധാവി ആരെന്നാണ്.
സംസ്ഥാന പൊലീസ് മേധാവി ആരെന്ന ആവര്‍ത്തിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കൊടുവിലും കെസി ജോസഫ് ചോദ്യം ആവര്‍ത്തിച്ചെങ്കിലും അനുവദിക്കാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭാ നടപടികളില്‍ അതൃപ്തിയുണ്ടെന്നും മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്നുംപ്രതിപക്ഷം സ്പീക്കറെ കണ്ട് പരാതി പറഞ്ഞു.