കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ, കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായി. മിതശീതോഷ്ണത്തിന് പകരം കൊടും ചൂടും കാലംതെറ്റിയ ഇടവിട്ടുള്ള മഴയും സൂര്യാഘാതവും എല്ലാം ചേര്‍ന്ന്, തീക്ഷ്ണ കാലാവസ്ഥയിലേക്ക് കേരളം ചെന്നെത്തി. സ്ഥിതി അതീവ ഗുരുതരം. ജനകീയ മുന്നേറ്റത്തോടെ മണ്ണും വെള്ളവും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ്, ശരാശരി 30, 32 ഡിഗ്രി ആയിരുന്ന കൂടിയ ചൂട് ഇപ്പോള്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. കാര്‍ഷികോത്പാദനത്തേയും മത്സ്യസമ്പത്തിനേയുമാണ് കാലാവസ്ഥാ മാറ്റം ഏറെ ബാധിച്ചത്. വരള്‍ച്ച നമ്മെ ബാധിക്കില്ലെന്ന മലയാളിയുടെ വിശ്വാസം തെറ്റി. കുടിവെള്ള ക്ഷാമം നേരിടാന്‍ മഴക്കുഴികളടക്കം ജലസംരക്ഷണ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ കര്‍മ്മപരിപാടിക്ക് ഉടന്‍ രൂപം നല്‍കും.