കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കെവിന്റെ കൊലപാതക കേസിൽ മാധ്യമങ്ങളോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി. പൊലീസിന് വീഴ്ച പറ്റിയെങ്കിലും പ്രതി മുഖ്യമന്ത്രിയാണെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന് പിണറായി വിജയൻ ആരോപിച്ചു. അതേസമയം കോട്ടയത്ത് തന്റെ സുരക്ഷാസംഘത്തിൽ ഗാന്ധിനഗർ എസ്ഐ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളത് കൊണ്ടാണ് കെവിനെ കാണാനില്ലെന്ന പരാതി പൊലീസ് തള്ളിയതെന്ന് പറഞ്ഞത് ഭാര്യ നീനുവാണ്. പക്ഷെ ഇത് മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് പിണറായിയുടെ വിമർശനം.

നീനുവിൻറെ പരാതിയെകുറിച്ചുള്ള സ്വാഭാവികമായ ചോദ്യം മാധ്യമമേധാവികൾ ആവശ്യപ്പെട്ട പ്രകാരമാണെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിക്ക് എന്തിനാണിത്ര സുരക്ഷയെന്ന് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോട് ചോദിക്കണം. നീനുവിന്റെ പരാതി തള്ളിയ ഗാന്ധിനഗർ എസ്ഐ കോട്ടയത്തെ തന്റെ സുരക്ഷാ സംഘത്തിൽ ഇല്ലെന്ന് മുമ്പ് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറിഞ്ഞു.