Asianet News MalayalamAsianet News Malayalam

റീബില്‍ഡ് കേരള; പദ്ധതികള്‍ പെട്ടെന്ന് തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

നിലവിലുളള ലോകബാങ്ക് പദ്ധതികളില്‍ ഇതുവരെ ചെലവഴിക്കാത്ത തുക അടിയന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

CM response on re build kerala projects
Author
Thiruvananthapuram, First Published Dec 18, 2018, 8:00 PM IST

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മിതിക്കായുളള സര്‍ക്കാര്‍ സംവിധാനമായ റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനവേഗം കൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ആലോചിക്കുന്ന പ്രധാന പദ്ധതികള്‍ പെട്ടെന്ന് തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണം. 

നിലവിലുളള ലോകബാങ്ക് പദ്ധതികളില്‍ ഇതുവരെ ചെലവഴിക്കാത്ത തുക അടിയന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജലവിഭവം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലെ ആസ്തികള്‍, കാര്‍ഷിക മേഖലയിലെ സമഗ്ര ഇടപെടല്‍, പരിസ്ഥിതി, ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഫലപ്രദമായ ഏകോപനം എന്നിവ മുന്‍ഗണനാ മേഖലകളായി യു.എന്‍ പഠനസംഘം    (പി.ഡി.എന്‍.എ) കണ്ടെത്തിയിട്ടുണ്ട്.

ഈ ഓരോ മേഖലയിലും സമഗ്രമായ ഇടപെടലുകള്‍ക്ക് തുടക്കം കുറിക്കുന്ന രീതിയില്‍ സെക്ടറല്‍ പ്ലാനുകള്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതത് വകുപ്പ് സെക്രട്ടറിമാര്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. ഇത്തരം സെക്ടറല്‍ പ്ലാനുകള്‍ തയ്യാറാക്കാന്‍ ലോകബാങ്കിന്‍റെ സാങ്കേതിക സഹായവും കെ.പി. എം.ജി. ലഭ്യമാക്കിയ പ്രൊഫഷണലുകളുടെ സഹായവും ഉപയോഗപ്പെടുത്തും. ജനുവരി രണ്ടാം വാരത്തിനു മുമ്പ് സെക്ടറല്‍ പ്ലാനുകള്‍ അന്തിമമാക്കി അംഗീകാരം തേടാനും തീരുമാനിച്ചു. 

സെക്ടറല്‍ പ്ലാനുകളില്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന പൈലറ്റ് പദ്ധതികള്‍ ആവിഷ്കരിക്കാനും സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ബൃഹത്തായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനു മുമ്പ് ചില മേഖലകളിലെങ്കിലും ഗഹനമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ആവശ്യമായ ഇത്തരം പഠനങ്ങളുടെ ലിസ്റ്റ് ക്രോഡീകരിക്കാനും പഠനങ്ങളുമായി മുന്നോട്ടുപോകാനും അതത് വകുപ്പുകളെ ചുമതലപ്പെടുത്തി. 

ഫെബ്രുവരി ആദ്യവാരം തന്നെ സെക്ടറല്‍ പ്ലാനുകള്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പൈലറ്റ് പദ്ധതികള്‍, അടിയന്തരമായി ഏറ്റെടുക്കേണ്ട പഠനങ്ങള്‍ക്കുളള കണ്‍സള്‍ട്ടന്‍റുമാരെ തെരഞ്ഞെടുക്കല്‍ എന്നിവയ്ക്കുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios