വ്യക്തിഗത ഉപഭോക്താക്കളായി കണ്ട് സഹകരണ ബാങ്കുകള്‍ നല്‍കുന്ന 20000 രൂപ കൊണ്ട് ഒരാഴ്ചത്തെ ഇടപാടുകള്‍ നടത്തേണ്ട ഗതികേടിലാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍. മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ വായ്പാ തിരിച്ചടവ് നിലക്കുമെന്നത്ിനാല്‍ കിട്ടിക്കൊണ്ടിരുന്ന ചെറിയ തുക കൂടി ഇല്ലാതാക്കുമെന്ന പ്രതിസന്ധി വേറെ. 

നിക്ഷേപകര്‍ക്ക് ആവശ്യപ്പെടുന്ന തുക പോലും നല്‍കാനാവാത്ത പ്രാഥമിക സംഘങ്ങളെ സഹായിക്കാനാണ് ജില്ലാ സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് മിറര്‍ അക്കൗണ്ട് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം വെച്ചത്. ജില്ലാ ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങി പ്രാഥമിക സംഘങ്ങളിലെ ഇടപാടുകള്‍ നടത്താനാണ് സൗകര്യം. എന്നാല്‍, ഇത് തങ്ങള്‍ക്ക് ബാധ്യതയാവുമെന്നാണ് പ്രാഥമിക സംഘങ്ങളുടെ വിലയിരുത്തല്‍. ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ഇടപാടുകള്‍ മാറുന്നത് ഭാവിയില്‍ നഷ്ടമുണ്ടാക്കുമോ എന്നാണ് ആശങ്ക. 

അടിയന്തിര ആവശ്യങ്ങള്‍ക്ക് പണമെടുക്കാന്‍ വരുന്നവരെ മിറര്‍ അക്കൗണ്ടുകള്‍ വഴി പിന്‍വലിക്കാന്‍ സഹായിക്കാനാണ് പ്രാഥമിക സംഘങ്ങളുടെ തീരുമാനം. എന്നാല്‍, ഇടപാടുകാരെയല്ലാം ബദല്‍ സംവിധാനത്തിലേക്ക് എത്താന്‍ നിര്‍ബന്ധിക്കില്ല.