അനധികൃതമായി പ്രവേശിച്ച അമേരിക്കൻ പൗരൻ കൊലപ്പെട്ട സംഭവത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നോർത്ത് സെന്റിനൽ എന്ന ദ്വീപും അതിലെ താമസക്കാരായ ​ആദിവാസി ​ഗോത്രവർ​ഗക്കാരും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയാവുകയാണ്. നവംബര്‍ 16-17 ദിവസങ്ങളിലൊന്നിൽ കൊലപ്പെട്ടു എന്നു കരുതുന്ന അമേരിക്കന്‍ പൗരന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ് ഇപ്പോൾ ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. 

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഈ ദ്വീപു നിവാസികളെ ബന്ധപ്പെട്ടാൻ 1967-മുതൽ സർക്കാർ മുൻകൈയ്യെടുത്ത് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എല്ലാ തരം ഇടപെടലുകളും അവർ നിരസിക്കുകയും പുറംലോകവുമായി ഉണ്ടാവുന്ന ഇടപെടൽ അവരുടെ വംശനാശത്തിന് തന്നെ കാരണമായേക്കും എന്ന സാധ്യത കണക്കിലെടത്തും 1996-ൽ ദ്വീപ് നിവാസികളെ പുറത്തു നിന്നുള്ളവർ ബന്ധപ്പെടുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടു. 

ഇത്തരം നിയന്ത്രണങ്ങൾ മറികടന്നാണ് അമേരിക്കൻ പൗരനായ ജോൺ ചൗ ഈ ദ്വീപിലേക്ക് പ്രവേശിച്ചതും ദ്വീപ് നിവാസികളാൽ കൊല്ലപ്പെടുന്നതും. പുറംലോകത്ത് നിന്നുള്ള എല്ലാ ഇടപെടലുകളേയും സംശയദൃഷ്ടിയോടെ കാണുകയും കര്‍ക്കശമായി നേരിടുകയും ചെയ്യുന്ന നോര്‍ത്ത്  സെന്‍റിനല്‍ ദ്വീപ് നിവാസികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആകാംക്ഷ കനക്കുമ്പോൾ 12 വര്‍ഷം മുന്‍പ്  അവരെ നേര്‍ക്കുനേര്‍ നേരിട്ട അനുഭവം ഓര്‍ത്തെടുക്കുകയാണ്  കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്‍റ് പ്രവീണ്‍ ഗൗര്‍. ഒരു രക്ഷാദൗത്യത്തിന്റെ ഭാ​ഗമായാണ് നോര്‍ത്ത് സെന്‍റിനൽ ദ്വീപില്‍ പ്രവീണ്‍ ഗൗറും സംഘവും ഹെലികോപ്ടറില്‍ ലാന്‍ഡ് ചെയ്തതത്. സംഭവബഹുലമായ ആ  കഥ പ്രവീണ്‍ ഗൗര്‍ പറയുന്നു. 

2006-ലാണ് ആ സംഭവം. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് വിവരത്തെ തുടര്‍ന്ന് ഹെലികോപ്ടറില്‍ തിരച്ചില്‍ നടത്തുകയായിരുന്നു ഞങ്ങളുടെ സംഘം. പ്രധാനദ്വീപിലെ വ്യോമനിരീക്ഷണത്തിന് ശേഷം ഞങ്ങള്‍ സൗത്ത് സെന്‍റിനല്‍ ദ്വീപിലേക്ക് തിരിച്ചു അവിടെ പരിശോധന കഴിഞ്ഞ ശേഷം നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന് അടുത്തേക്ക് പോയി. അപ്പോഴാണ് ബോട്ട് പോലെ എന്തോ ഒന്ന് ദ്വീപിനോട് ചേര്‍ന്ന് കിടക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ അടുത്തേക്ക് ചെന്നപ്പോള്‍ അത് മത്സ്യബന്ധനബോട്ട് തന്നെയാണെന്ന് മനസ്സിലായി. ഹെലികോപ്ടര്‍ താഴ്ന്നു പറത്തി ഞങ്ങള്‍ ബോട്ടിനടുത്തേക്ക് ചെന്നു.

നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിനെക്കുറിച്ചും അവിടെയുള്ള ഗോത്രവിഭാഗത്തെക്കുറിച്ചും വ്യക്തമായി അറിയാമായിരുന്നുവെങ്കിലും ഹെലികോപ്ടര്‍ തീരത്ത് ഇറക്കാന്‍ തന്നെ തീരുമാനിച്ചു. കാണാതായ ബോട്ടാണ് തീരത്തുള്ളതെന്ന് ബോധ്യപ്പെട്ട നിലയ്ക്ക് അവിടെ ഇറങ്ങി പരിശോധിച്ചാല്‍ മത്സ്യബന്ധനത്തൊഴിലാളികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകൾ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്‍റിനല്‍ നിവാസികള്‍  ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു.  നൂറടി ഉയരത്തിൽ വരെ ആ അമ്പുകൾ എത്തി. 

അവര്‍ അന്‍പതോളം പേരുണ്ടായിരുന്നു. എല്ലാവരും പുരുഷന്‍മാരായിരുന്നു. തുരുതുരാ വരുന്ന അമ്പുകൾ ഹെലികോപ്ടറിന്‍റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു പൊന്തി. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. തീരത്തോട് ചേര്‍ന്ന്  ഞാന്‍ ഹെലികോപ്ടര്‍ പറത്തി. ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തുകയായിരുന്നു ലക്ഷ്യം. 

ബോട്ടിനടുത്ത് ഹെലികോപ്ടര്‍ നിര്‍ത്തി ഇറങ്ങിയ ഞങ്ങള്‍ അതിനടുത്തായി രണ്ട് മണല്‍കൂനകള്‍ കണ്ടു. പുതുമണ്ണിന്‍റെ സാന്നിധ്യം കണ്ട് സംശയം തോന്നിയ ഞാന്‍ സഹവൈമാനികരോട് ആ കൂന കുഴിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. എന്‍റെ ഊഹം തെറ്റിയില്ല. കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹമായിരുന്നു അവിടെ കുഴിച്ചിട്ടിരുന്നത്. അടുത്ത കുഴിയിലെ മണല്‍ ഞങ്ങള്‍ മാറ്റും മുന്‍പ് ദ്വീപ് നിവാസികള്‍ തിരികെ എത്തിയിരുന്നു. ക്ഷണനേരം കൊണ്ട് ആ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു. 

ബോട്ടിലുണ്ടായിരുന്ന കയര്‍ കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം. പോര്‍ട്ട് ബ്ലെയറിലേക്ക് തിരികെ പറന്ന് ഞങ്ങള്‍ ആ മൃതദേഹം അയാളുടെ ബന്ധുകള്‍ക്ക് കൈമാറി. രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്‍റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ സജ്ജരായിരുന്നു. ഞങ്ങളുടെ തന്ത്രം തിരിച്ചറിഞ്ഞ അവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞു. ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഹെലികോപ്ടറിന് നേരെ തുടര്‍ച്ചയായി അമ്പുകള്‍ എത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ കൈയില്‍ ലൈറ്റ് മെഷീന്‍ ഗണുകളടക്കം എല്ലാ ആയുധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അതുപയോഗിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഒരു രീതിയിലും ദ്വീപിലിറങ്ങാന്‍ സാധിക്കില്ല എന്ന് വന്നതോടെ ദൗത്യം ഉപേക്ഷിച്ച് ഞങ്ങള്‍ തിരിച്ചു പോര്‍ട്ട് ബ്ലെയറിലേക്ക് വന്നു. 

നമ്മള്‍ കണക്കുകൂട്ടുന്നതിലും സമര്‍ത്ഥന്‍മാരാണ് നോര്‍ത്ത് സെന്‍റിനലിലെ ഗോത്രനിവാസികളെന്ന് തന്‍റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവീണ്‍ ഗൗര്‍ പറയുന്നു. ഒരിക്കല്‍ പറ്റിയ തെറ്റ് പിന്നെ അവര്‍ ആവര്‍ത്തിക്കില്ല. അവരുടെ ആയുധങ്ങള്‍ ആദിമമായിരിക്കാം എന്നാല്‍ സാഹചര്യത്തിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാന്‍ വിദഗ്ദ്ധരാണ് അവര്‍ - പ്രവീണ്‍ ഗൗര്‍ സാക്ഷ്യപ്പെടുത്തുന്നു.  ​ഗൗറും സംഘവും ഉപേക്ഷിച്ചു പോന്ന രണ്ടാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പിന്നീടൊരിക്കലും ദ്വീപിന് പുറത്ത് എത്തിക്കാൻ സാധിച്ചില്ല എന്നാൽ പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാൻ അവർക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരിൽ 2006-ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചു. 

2006-ല്‍ നോര്‍ത്ത് സെന്‍റിനലില്‍ നടത്തി രക്ഷാദൗത്യത്തിനിടെ കോസ്റ്റ് ഗാര്‍ഡ് പകര്‍ത്തിയ ചിത്രം...