തൃശൂര്‍: മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് നാളെ ഞായറാഴ്ച കുര്‍ബാന നടത്താന്‍ അനുമതിയില്ല. എന്നാല്‍ കളക്ടര്‍ അനുപമയുടെ തീരുമാനം അംഗീകരിക്കുന്നതായി യാക്കോബായ വിഭാഗം പറഞ്ഞു. അതേസമയം കളക്ടറിന്‍റെ തീരുമാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം സന്തോഷം പ്രകടിപ്പിച്ചു. 

പള്ളിയുടെ ഭരണചുമതല ഒഴിയുമെന്നും പള്ളിയില്‍ ആരാധാന നടത്താന്‍ പ്രവേശിക്കില്ലെന്നും ഇന്ന് നടന്ന ചര്‍ച്ചക്ക് പിന്നാലെ യാക്കോബായ വിഭാഗം കളക്ടര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന് യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും നടന്ന ചര്‍ച്ചക്ക് പിന്നാലെ ഇത് കളക്ടര്‍ നിഷേധിച്ചു.

മാന്ദാംമംഗലം സെൻറ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യാക്കോബായ വിഭാഗത്തോട് രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ടുവച്ചിരുന്നു. ഇതോടെ പള്ളിയില്‍ 3 ദിവസമായി തുടരുന്ന പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറായി.

എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചിരുന്നു. സഭയുടെ മേലധ്യക്ഷൻമാരുമായി കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിവരെ കളക്ടര്‍ സമയം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കളക്ടറുടെ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിക്കുകയായിരുന്നു.