വയല്‍ക്കിളികളെ കൊല്ലുന്ന ശവംതീനി കഴുകന്മാരാണ് കമ്മ്യൂണിസ്റ്റുകാര്‍:  എം.എം.ഹസന്‍

First Published 20, Mar 2018, 5:22 PM IST
Communists are try to kill vayalkilikal MM Hassan
Highlights
  • ജില്ലയിലെ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളികളുടെ സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.

കണ്ണൂര്‍: ജില്ലയിലെ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളികളുടെ സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. വയല്‍ക്കിളികളല്ല വയല്‍ക്കഴുകന്മാരാണ് കീഴാറ്റൂരില്‍ സമരം ചെയ്യുന്നതെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവന സമരത്തിനെതിരായ ഭീഷണിയാണ്. വികസന വിരോധികളെന്ന് മുദ്രകുത്തിയും ജനകീയ സമരമല്ലെന്ന് പ്രചരിപ്പിച്ചും കീഴാറ്റൂര്‍ സമരത്തെ തകര്‍ക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വയല്‍ക്കിളികളുടെ ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും വ്യാമോഹിക്കേണ്ടെന്നും ഹസന്‍ പറഞ്ഞു. 

റിയല്‍ എസ്റ്റേറ്റ്, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് കഴുകന്മാര്‍ കീഴാറ്റൂരിന് മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. ആക്രമിച്ചും കൊന്നും വയല്‍ക്കിളികളുടെ ശവം തിന്നാന്‍ വട്ടമിട്ടു പറക്കുന്നവരാണ് സിപിഎം. അവരെ കഴുകന്മാരെന്നാണ് വിളിക്കേണ്ടത്. കേരളത്തില്‍ ആദ്യമായിട്ടല്ല ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ സിപിഎം തന്ന സമരങ്ങള്‍ നടത്തിയിട്ടുണ്ട്. സിപിഎം കൊടികുത്തിയ സമരം ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്തിന്റെ ഉടമയായ പ്രവാസി ആത്മഹത്യ ചെയ്ത സാഹചര്യവരെയുണ്ടായി. 

റവന്യൂ വകുപ്പ് സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശം വച്ചിട്ടും സമരക്കാരുടെ പന്തല്‍ കത്തിക്കുന്നതിനാണ് സിപിഎം ചെയ്തതെന്നും ഹസന്‍ പറഞ്ഞു. വികസനത്തിനെതിരായല്ല, സ്വന്തം ഭൂമി സംരക്ഷിക്കാനാണ് വയല്‍ക്കിളികള്‍ സമരം ചെയ്യുന്നത്. മേല്‍പ്പാലം ഉള്‍പ്പെടെയുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ സമരക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാറിവ പരിഗണിക്കുന്നില്ലെന്നും ഹസന്‍ ആരോപിച്ചു.
 

loader