കേരള ഹൗസില്‍ വ്യാജ സര്‍ട്ടഫിക്കറ്റ് ഹാജരാക്കി ജീവനക്കാര്‍ ജോലിക്കയറ്റം നേടിയതിനെതിരെയും, നിയമവിരുദ്ധമായി 41 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ഓം മംഗലശേരിക്കാണ് മര്‍ദ്ദനമേറ്റത്. സര്‍ക്കാര്‍ ഉത്തരവുമായി കേരള ഹൗസില്‍ താമസിക്കാനെത്തിയ തന്നെ കണ്‍ട്രോളര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് ഓം മംഗലശേരി ദില്ലി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

നിരന്തരം പരാതി നല്‍കുന്ന ശല്ല്യക്കാരനായതുകൊണ്ടാണ് ഓം മംഗലശേരിയെ കേരള ഹൗസില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതെന്നും കയ്യേറ്റം ചെയ്തിട്ടില്ലെന്നും കണ്‍ട്രോളര്‍ രാമചന്ദ്രന്‍ വിശദീകരിച്ചു. കേരള ഹൗസില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്കയറ്റം നേടിയ മൂന്ന് ജീവനക്കാരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുകയും, അവര്‍ക്കെതിരെ പൊലീസ് നടപടി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ സര്‍ക്കാര്‍ നടപടി. 

സസ്പന്‍ഷനിലായ ജീവനക്കാര്‍ക്കെതിരെ പൊലീസ് നടപടി നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്മേല്‍ രണ്ടുമാസം കഴിഞ്ഞിട്ടും കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല 41 ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയത് പരിശോധിക്കാനുള്ള ദില്ലി ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള നടപടികളും അനിശ്ചിതത്വത്തിലാണ്.