തമ്പലക്കാട് റോഡില്‍ പുളിമാവ് ഇടത്തിനകം മഞ്ജുവിന്‍റെ വീട്ടില്‍ പുലര്‍ച്ചെ രണ്ടേകാലോടെയാണ് കള്ളന്‍ കയറിയത്. മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന മൂവായിരം രൂപ കവര്‍ന്ന കള്ളന്‍ മഞ്ജുവിന്‍റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്‍ മാലയും പൊട്ടിച്ചു . മഞ്ജുവിന്‍റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ പിന്തുടര്‍ന്നെങ്കിലും കള്ളനെ പിടികൂടാനായില്ല. വിവരം അപ്പോള്‍ തന്നെ അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ ആരുമെത്തിയില്ല

മ‍ഞ്ജുവിന്‍റെ മാതാവും സഹോദരനും രാവിലെ സ്റ്റേഷനിലേയ്‌ക്ക് പല തവണ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. എസ്.പി ഇടപെട്ട ശേഷമാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. മഞ്ജുവിനെ കൂടാതെ പതിനൊന്നും എട്ടും വയസുള്ള രണ്ടു മക്കളും ഭര്‍തൃമാതാവ് മറിയക്കുട്ടിയുമാണ് വീട്ടിലുള്ളത്. ഭര്‍ത്താവ് ബിജു ഒന്നര വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചു.