തൃശൂര്‍: തൃശൂര്‍ മാളയിൽ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നൽകിയതിന് കുടുംബത്തിന് ഊരുവിലക്ക്. കുടുംബാംഗങ്ങളോട് സംസാരിക്കരുതെന്ന് മദ്രസ കമ്മറ്റി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് നിർദ്ദേശം നല്‍കി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ചൈൽഡ് ലൈൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സ്വന്തം മകളെ അധ്യാപകന്‍ മദ്രസയിൽ ഒറ്റപ്പെടുത്തുകയും മാറ്റിനിർത്തുകയും ചെയ്ത് ഉപദ്രവിച്ചപ്പോൾ മഹല്ല് കമ്മറ്റിക്ക് പരാതി നൽകിയതാണ് തൃശൂർ കോവിലകത്തുകുന്നിലെ നിസാർ കരീമും കുടുംബവും ചെയ്ത തെറ്റ്. ബന്ധുക്കളടക്കം പുത്തൻചിറയിലെ മഹല്ലിന്‍റെ പരിധിയിലുള്ള 180 തോളം കുടുംബങ്ങളും ഇവരെ കാണുമ്പോൾ മുഖം തിരിക്കുകയാണ്. 

മദ്രസ കമ്മറ്റി ഭാരവാഹികൾ വീടുകൾ കയറിയിറങ്ങി കുടുംബത്തെ ഊരുവിലക്കാൻ നിർദ്ദേശിച്ചെന്നാണ് ആരോപണം. മുന്‍വൈരാഗ്യത്തോടെയാണ് കുട്ടിയെ മദ്രസ അധ്യാപകൻ ഉപദ്രവിച്ചതെന്നും പരാതിയുണ്ട്. എന്നാൽ പള്ളിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയെതിനെതിരെ പരാതി നൽകാൻ ഒപ്പു ശേഖരണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് മഹല്ല് കമ്മറ്റിയുടെ വിശദീകരണം.