ഈ മാസം പതിനെട്ടിന് രാത്രി ഭര്‍ത്താവുമൊന്നിച്ച് ബൈക്കില്‍ വരുന്നതിനിടെ നടുവട്ടത്തുവച്ച് രണ്ടംഗ സംഘം സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും  ചെയ്തെന്നാണ് സജിതയുടെ പരാതി.

മലപ്പുറം:സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ പ്രതികളെ പൊലീസ് സഹായിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. മലപ്പുറം ചങ്ങരംകുളം പൊലീസിനെതിരെ വീട്ടമ്മ തിരൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.

എടപ്പാളിനടത്ത് ശുകപുരം സ്വദേശിയായ സജിതയാണ് ചങ്ങരംകുളം പൊലീസിനെതിരെ പരാതിയുമായി ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഈ മാസം പതിനെട്ടിന് രാത്രി ഭര്‍ത്താവുമൊന്നിച്ച് ബൈക്കില്‍ വരുന്നതിനിടെ നടുവട്ടത്തുവച്ച് രണ്ടംഗ സംഘം സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് സജിതയുടെ പരാതി.

സഹോദരന്‍റെ കാണാതായ മൊബൈല്‍ ഫോൺ റോഡിലിറങ്ങി തിരിയുന്നതിനിടയിലായിരുന്നു സംഭവം.ഭാര്യാഭര്‍ത്താക്കൻമാരാണെന്ന് പറഞ്ഞിട്ടും അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ അന്നു തന്നെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി.പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളും നല്‍കി.എന്നിട്ടും പൊലീസ് അറസ്റ്റടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

 എന്നാല്‍ പരാതിയില്‍ അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ചങ്ങരംകുളം പൊലീസിന്‍റെ വിശദീകരണം.കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പരാതി സത്യമാണെന്ന് ബോധ്യപെട്ടാല്‍ പ്രതികളെ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.