പൊവ്വല്‍ സ്വദേശി സിയോണ്‍ അബൂബക്കറെന്ന തൊണ്ണൂറുകാരനാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അദ്ധരാത്രിയോടെ വീട്ടില്‍ അതിക്രമിച്ചെത്തിയ പൊലീസ് ആവശ്യപെട്ടതുപ്രകാരം കട്ടിലില്‍ നിന്ന് എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് വീണ് പരിക്കേറ്റതെന്ന് അബൂബക്കര്‍ പറഞ്ഞു.

ഒരു അടിപിടി കേസില് പ്രതിയായ മകന്‍ സുബൈറിനെ അന്വേഷിച്ചാണ് വിദ്യാനഗര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് വന്നതെന്നും സുബൈര്‍ വീട്ടിലില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ തന്നേയും ഭാര്യ ആയിഷയേയും മകന്റെ ഭാര്യയേയും ഭീഷണിപെടുത്തിയെന്നും അബൂബക്കര്‍ പറഞ്ഞു.

സുബൈറിനെ കിട്ടാതായതോടെ വീട്ടുപകരണങ്ങള്‍ വലിച്ചുവാരിയിട്ട പൊലീസ് അസഭ്യം പറഞ്ഞെന്നും ഭീഷണിപെടുത്തിയെന്നും അബൂബക്കറിന്‍റെ ഭാര്യ ആയിഷയും പറഞ്ഞു. സുബൈറിനെതിരെ പരാതി നല്‍കിയ ആളോടൊപ്പം അദ്ദേഹത്തിന്‍റെ ഇന്നോവ കാറിലാണ് പൊലീസ് എത്തിയതെന്നും ആയിഷ പറഞ്ഞു.

കട്ടിലില്‍ നിന്ന് വീണ അബൂബക്കരിന് തലക്ക് ക്ഷതമേറ്റിട്ടുണ്ട്.പൊലീസിനെതിരെ നടപടി വേണന്നാവശ്യപെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അബൂബക്കര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തക്കുറിച്ച് പ്രതികരിക്കാൻ വിദ്യാനഗര്‍ എസ്.ഐ തയ്യാറായില്ല.