സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റര്‍യൂണിവേഴ്സിറ്റി ചട്ടപ്രകാരം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവിനെ നിയമിച്ചതാണ് വിവാദത്തിലായത്.  

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ വിവാദ നിയമനത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ ആഭ്യന്തര കലഹം രൂക്ഷം. ഔദ്യോഗിക പ്രവര്‍ത്തികളെ പോലും ബാധിക്കുന്ന വിധത്തിലാണ് ഭരണാനുകൂല-പ്രതിപക്ഷ യൂണിയനുകളില്‍പ്പെട്ടവര്‍ കലഹിക്കുന്നത്.

സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റര്‍യൂണിവേഴ്സിറ്റി ചട്ടപ്രകാരം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവിനെ നിയമിച്ചതാണ് വിവാദത്തിലായത്. കാര്‍ഷിക യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനായാണ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ ഇവിടേക്ക് നിയമിച്ചതെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ ഇവര്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ അപേക്ഷിച്ചു.

കഴിഞ്ഞ ഏഴ് വര്‍ഷമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാണ് ചാലക്കുടി സ്വദേശിയായ ജീവനക്കാരി. അഴിമതിക്ക് വേണ്ടിയുള്ള നിയമനമാണെന്ന് ആരോപണമുയര്‍ന്നതോടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി വീണ്ടും കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണിവര്‍. 

അതേസമയം, കാര്‍ഷിക യൂണിവേഴ്സിറ്റിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ട അസിസ്റ്റന്റ് പ്രഫസര്‍ തസ്തിക നിയമനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന് എന്ത് കാര്യമെന്നാണ് കെ.എ.യു എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന നേതാക്കള്‍ ചോദിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളി നിയമനങ്ങളില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തി സുപ്രീം കോടതിയില്‍ കേസിനെ നേരിടുന്നവരാണ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനത്തെ വിവാദമാക്കിയതെന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. 

പ്രൊബേഷന്‍ കാലാവധിയുള്‍പ്പടെയുള്ള സര്‍വീസ് സീനിയോറിറ്റി നഷ്ടപ്പെടുത്തി കുട്ടികളുടെ സംരക്ഷണത്തിനായി സ്വന്തം നാട്ടിലേക്ക് ഇന്റര്‍യൂണിവേഴ്സിറ്റി സ്ഥലം മാറ്റം വാങ്ങിയ വനിതാ ജീവനക്കാരിയെ താറടിക്കാനുള്ള ചിലരുടെ ശ്രമം അവരുടെ അഴിമതിക്ക് മറയിടാനാണ്. വിവിധ സംഘടനകളില്‍പ്പെട്ട പത്തോളം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ഓഫീസിലേക്കാണ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റായ വനിതയെ സ്ഥലമാറ്റത്തിലൂടെ നിയമിച്ചത്. ഇതെല്ലാം അറിയുന്നവര്‍ ബോധപൂര്‍വമാണ് കൃഷിവകുപ്പിനും വനിതാ ജീവനക്കാരിക്കുമെതിരെ ആരോപണമുന്നയിച്ചതെന്നാണ് ഫെഡറേഷന്‍ നേതാക്കളുടെ വിശദീകരണം.

എന്നാല്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനം മന്ത്രിയുടെ അഴിമതിക്ക് വേണ്ടിയാണെന്ന പ്രചാരണമാണ് യൂണിവേഴ്സിറ്റിയില്‍ വ്യാപകമാക്കിയത്. ഇതേക്കുറിച്ച് നേരിട്ട് വിശദീകരണത്തിന് ആരും തയ്യാറായതുമില്ല. കാര്‍ഷിക യൂണിവേഴ്സിറ്റിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളൊന്നും കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലുള്ള ഒരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന വിശദീകരണവുമായി സര്‍വകലാശാല അധികൃതരും രംഗത്തെത്തി.

അതിനിടയില്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. അഴിമതി രഹിതമായ നിയമനം സര്‍വകലാശാലയില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.