കാസര്‍കോട്: കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.

മതില്‍ തീര്‍ക്കുന്നതിനെ മുമ്പേ സംഘര്‍ഷം ഉണ്ടായി.  പ്രവര്‍ത്തകര്‍ സ്ഥലത്ത് തീയിടുകയും വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.  ഇതുവരെയും അവിടെ മതില്‍ തീര്‍ക്കാനായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപിക്ക് സ്വാധീനമുളള മേഘലയാണിത്. സംഭവസ്ഥലത്തെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

അതേസമയം,  620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.  മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി.