ലോക് താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടിയുടെ പുതിയ പേരിനെതിരെ മുറുമുറുപ്പ് പാര്‍ട്ടി അണികള്‍ക്ക് പോലും ദഹിക്കാത്ത പേരുമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ എങ്ങിനെ നേരിടുമെന്നാണ് ചോദ്യം

കോഴിക്കോട്: ശരത് യാദവുമായുള്ള ബന്ധം അവസാനിപ്പിച്ച് സംസ്ഥാനത്ത് പ്രത്യേക പാര്‍ട്ടി രൂപീകരിക്കാന്‍ വീരേന്ദ്ര കുമാറിന് മേല്‍ സമ്മര്‍ദ്ദം. ദേശീയ പാര്‍ട്ടിയുടെ പുതിയ പേരില്‍ സംസ്ഥാന ഘടകം കടുത്ത അതൃപ്തിയിലാണ്. ഇടത് മുന്നണിക്കൊപ്പം ചേര്‍ന്നിട്ടും വീരേന്ദ്രകുമാറിന്‍റെ പാര്‍ട്ടിയിലെ അസ്വാരസ്യം തീരുന്നില്ല. സംസ്ഥാനത്ത് പ്രത്യേകപാര്‍ട്ടിയായി നില്‍ക്കാന്‍ ശരത് യാദവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു കഴിഞ്ഞു. 

വീരേന്ദ്രകുമാര്‍ പക്ഷത്തിന് മുന്‍തൂക്കമുള്ള സംസ്ഥാനസമിതി നേരത്തെ ഈയാവശ്യം തള്ളിയതാണെങ്കിലും, പുനരാലോചന വേണമെന്ന നിലപാടാണ് ഒരു വിഭാഗത്തിന്. ലോക് താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടിയുടെ പുതിയ പേരിനെതിരെയും മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്.പാര്‍ട്ടി അണികള്‍ക്ക് പോലും ദഹിക്കാത്ത പേരുമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ എങ്ങിനെ നേരിടുമെന്നാണ് ചോദ്യം. 

ലോക് താന്ത്രിക് എന്ന വാക്കിന്‍റെ അർത്ഥം ജനാധിപത്യമെന്നാണെന്ന് അണികളെ ബോധവത്ക്കരിക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ഡമോക്രോറ്റിക് ജനതാദള്‍ എന്ന ഭേദഗതി പേരില്‍ വരുത്തണമെന്ന ആവശ്യമാണ് കേരളഘടകം ഉന്നയിക്കുന്നത്.

കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണ്ണാടക ഘടകങ്ങളും പുതിയ പേരില്‍ അതൃപ്തരാണ്. അടുത്ത പതിനെട്ടിന് ദില്ലിയില്‍ ചേരുന്ന ദേശീയ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കും. പാര്‍ട്ടിയുടെ പേര് മാറ്റുന്നതില്‍ അനുകൂല തീരുമാനമില്ലെങ്കില്‍ വഴി വേറേയെന്ന സന്ദേശമാണ് സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം നല്‍കുന്നത്.