ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും. ദേവസ്വം ബോര്‍ഡ് മുൻ പ്രസിന്റുമാരുടേയും അംഗങ്ങളുടേയും യോഗം വിളിച്ച് കോണ്‍ഗ്രസ്.
തിരുവനന്തപുരം:
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും . വിശ്വാസ സമൂഹത്തിന് പൂർണ പിന്തുണയെന്നും ആരെങ്കിലും പുനപരിശോധന ഹര്‍ജി നല്‍കിയാൽ അതിനെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രത്യക്ഷ സമര പരിപാടികളുമായി ബിജെപിയും രംഗത്തെത്തി . അതിനിടെ പുനപരിശോധന ഹര്‍ജി നല്‍കാൻ എന്‍ എസ് എസ് തീരുമാനിച്ചു.
വിശ്വാസ സമൂഹത്തിനുണ്ടായ മുറിവുണക്കാന്‍ പൂര്‍ണ പിന്തുണയെന്നാണ് കോണ്‍ഗ്രസ് നിലപാട്. സ്ത്രീ പ്രവേശനത്തില്‍ നിയന്ത്രണം വേണമെന്ന മുൻ യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടാണ് ഇപ്പോഴും കോണ്‍ഗ്രസിന്. പുനപരിശോധന ഹര്‍ജി നല്‍കാൻ തയാറെടുത്ത ദേവസ്വം ബോര്‍ഡിനെ വിരട്ടി പിന്തിരിപ്പിച്ചശേഷം വിധി നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിന്‍റെ നീക്കം സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനു പിന്നാലെ മുസ്ലിം ലീഗും വീശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
അതിനിടെ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ മഹിളാ മോര്‍ച്ച പ്രത്യക്ഷ സമരം തുടങ്ങി. ആചാരം ലംഘിച്ച് ആര് ശബരിമലയില്‍ എത്തിയാലും തടയുമെന്ന് സംഘടന പ്രഖ്യാപിച്ചു. ബിജെപി സമരം തുടരുന്നതിടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമി ലേഖനം പ്രസിദ്ധീകരിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്‍റേതാണ് ലേഖനം. സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ ശബരി മലയുടെ മഹത്വം വര്‍ദ്ധിക്കുകയേ ഉളളൂ എന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ലേഖനം പാര്‍ട്ടി നിലപാടല്ലെന്നും ലേഖകന്‍റെ മാത്രം നിലപാടാണെന്നും ബിജെപി നേതാക്കള്‍ വിശദീകരിച്ചു. സ്ത്രീപ്രവേശന വിഷയത്തില്‍ ആര്‍എസ് എസ് ബിജെപി നേതൃത്വത്തില്‍ ഭിന്നത തുടരുകയാണ്.
