ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് ധാരണയായി. സഖ്യത്തിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ്-എസ്‌പി സഖ്യത്തെക്കുറിച്ചു മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും മഹാസഖ്യത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം,സഖ്യമുണ്ടെങ്കിൽ താൻ മാറിനില്‍ക്കാൻ തയ്യാറാണെന്ന് യുപിയിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീലാ ദീക്ഷിതും ആവർത്തിച്ചു. നേരത്തെ, കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് എസ്‌പി തലവൻ മുലായം സിംഗ് യാദവ് നിലപാടെടുത്തിരുന്നു.

കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തില്‍ ചേരാമെന്ന് എന്‍സിപിയും നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും പ്രഖ്യാപിച്ചു. ലാലുപ്രസാദ് യാദവും മമതാ ബാനര്‍ജിയും പിന്തുണ അഖിലേഷിനാണെന്ന് വ്യക്തമായിട്ടുണ്ട്. അജിത് സിംഗിന്റെ രാഷ്‌ട്രീയ ലോക്ദളുമായും കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ട്. അതേസമയം, സൈക്കിള്‍ ചിഹ്നം നഷ്‌ടമായ മുലായം ക്യാംപ് തുടര്‍നടപടിയെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ്.

കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നുണ്ടെന്ന് മുലായം വിഭാഗം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴെന്നാണ് വിവിധ പാര്‍ട്ടികള്‍ക്കായി സര്‍വ്വെകള്‍ നടത്തുന്നവര്‍ നല്കുന്ന സൂചന. അതേസമയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യരൂപീകരണത്തിനുള്ള പരീക്ഷണശാലയായി ഉത്തര്‍പ്രദേശ് മാറും എന്നാണ്.