ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിഷയത്തില്‍ ഗാന്ധി കുടുംബത്തെ ബിജെപി അപമാനിക്കുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ബഹളംവെച്ചു. കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ആരോപിച്ച് നാളെ കോണ്‍ഗ്രസ് പാര്‍ലമെന്റ് വളയും. ലോക്‌സഭയില്‍ നാളെ നടക്കുന്ന ചര്‍ച്ചയില്‍ സോണിയാഗന്ധിയും രാഹുല്‍ ഗാന്ധിയും സംസാരിക്കില്ലെന്നാണ് സൂചന.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ തന്നെ നെഹ്റു കുടുംബത്തിന്റെ പേരുപറയാന്‍ തന്നെ മോദി സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാജ്യസഭ നടപടികള്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നതോടെ സഭയില്‍ അല്‍പനേരം ബഹളം നടന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിഷയത്തില്‍ നാളെ ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസാരിക്കില്ലെന്നാണ് സൂചന.

ജ്യോതിരാദിത്യ സിന്ധ്യ, ഗൗരവ് ഗൊഗോയ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് ചര്‍ച്ചയ്‌ക്കായി നല്‍കിയിരിക്കുന്നത്. ഇരുസഭകളിലും സമ്മേളിക്കുന്നതിന് മുമ്പ് നാളെ പാര്‍ലമെന്‍റ് വളയുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ബി.ജെ.പി പാര്‍ലമെന്റ് വളപ്പിനുള്ളില്‍ പ്രതിഷേധിക്കും. രാമക്ഷേത്ര വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ കേസ് വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത് രാജ്യസഭയില്‍ ബി.ജെ.പിയെ വെട്ടിലാക്കി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ വരള്‍ച്ചയെകുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങിയ ചര്‍ച്ചയ്‌ക്ക് നാളെ കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് മറുപടി നല്‍കും.