ദില്ലി: രാമജന്മഭൂമി വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. ഗുജറാത്തിലെ ഭക്ഷണത്തിന് മാധുര്യമുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ എപ്പോഴും കയ്‌പ്പേറിയതാണ് എന്നായിരുന്നു ആനന്ദ് ശര്‍മ്മയുടെ മറുപടി.
തെരഞ്ഞെടുപ്പില്‍ എന്താണ് മോദി പയറ്റുന്ന അജണ്ടയെന്ന് വ്യക്തമാക്കണമെന്നും മോദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ചുകൊണ്ട് ആനന്ദ് ശര്‍മ്മ തിരിച്ചടിച്ചു. സ്ഥലവും സമയവും മോദിയ്ക്ക് തീരുമാനിക്കാമെന്നും സംവാദത്തിന് കോണ്‍ഗ്രസ് തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി എപ്പോഴും ഉദാഹരണമായി എടുത്തുകാട്ടുന്നത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആണ്. ഗാന്ധി സത്യം മാത്രം മുറുകെ പിടിച്ച വ്യക്തിയാണ്. പ്രധാനമന്ത്രി ഇത് പിന്തുടരണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
ഗുജറാത്തില്‍ നടന്ന റാലിയിലാണ് 2019 ലെ തെരഞ്ഞെടുപ്പിലേക്ക് അയോധ്യയെ കോണ്‍ഗ്രസ് ആയുധമാക്കുന്നുവെന്ന് മോദി ആരോപിച്ചത്. ബാബറി മസ്ജിദ് രാം ജന്മഭൂമി കേസില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ നടത്തിയ വാദങ്ങള്‍ എടുത്തുകാട്ടിയായിരുന്നു മോദിയുടെ ആരോപണം.
"എന്തിനാണ് രാമ ക്ഷേത്രത്തെ അവര്‍ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത്. അവര്‍ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തെ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ കുറിച്ച് യാതൊരു ചിന്തയും അവര്‍ക്കില്ല''; പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര വിവാദത്തില്‍ കോണ്‍ഗ്രസ് നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് നേരത്തേ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
