കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി, പ്രിയങ്കാ ചതുര്‍വേദി, രാജ്യസഭാംഗം കെടിഎസ് തുളസ് എന്നിവരാകും കനയ്യയ്ക്കും ഷെഹ്‍ലയ്ക്കും പകരം പരിപാടിയിൽ പങ്കെടുക്കുക.
ദില്ലി: ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറിനെയും ഷെഹ്‍ല റാഷീദിനെയും ദില്ലിയിൽ നടത്താനിരുന്ന പരിപാടിയിൽ നിന്നും കോൺഗ്രസ് ഒഴിവാക്കി. ’72-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ ഓര്‍ക്കുമ്പോള്‍’ എന്ന സംവാദ പരിപാടിയിൽ നിന്നുമാണ് ഇരുവരെയും ഒഴിവാക്കിയത്.
പ്രൊഫസർ അപൂര്‍വ്വാനന്ദ്, അശോക് വാജ്‍പേയി, മനോജ് കെ ഷാ എന്നിവരടങ്ങിയ പാനലിലെ മറ്റ് അംഗങ്ങളായി കനയ്യയെയും ഷെഹലയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം വിശദീകരണം പോലും നൽകാതെ ഇരുവരെയും പുറത്താക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി, പ്രിയങ്കാ ചതുര്‍വേദി, രാജ്യസഭാംഗം കെടിഎസ് തുളസ് എന്നിവരാകും കനയ്യയ്ക്കും ഷെഹ്‍ലയ്ക്കും പകരം പരിപാടിയിൽ പങ്കെടുക്കുക. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവർക്കുമെതിരെ ദില്ലി പൊലീസ് കുറ്റപത്രം ചുമത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും പരിപാടിയിൽ നിന്നും ഒഴിവാക്കിയതെന്നാണ് വിവരം.
ഇരുവരെയും പരിപാടിയ്ക്ക് ക്ഷണിച്ച കോണ്‍ഗ്രസ് നടപടിയെ മനിഷ് തിവാരി പ്രശംസിച്ചിരുന്നെങ്കിലും അവരെ ഒഴിവാക്കിയതിന് അദ്ദേഹം വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം പരിപാടിയിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇരുവരെയും പരിപാടിയിൽ നിന്നും ഒഴിവാക്കിയതെന്ന് കോൺഗ്രസിന്റെ മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ജനുവരി പതിനാലിനാണ് കനയ്യ കുമാര്‍, ഉമർ ഖാലിദ് എന്നിവർ അടക്കം പത്ത് പേർക്കെതിരെ ദില്ലി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 ഫെബ്രുവരി ഒമ്പതിന് ജെഎൻയുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്ന് പട്യാല കോടതിയിൽ സമർപ്പിച്ച 1200 പേജുള്ള കുറ്റപത്രത്തിൽ ദില്ലി പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് സർക്കാരിൽ നിന്ന് പ്രൊസിക്യൂഷൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ച് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് കുറ്റപത്രം തള്ളുകയും ചെയ്തു.
