തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് കച്ചവടം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. നടപടി വൈകുന്നത് സംഘടനക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് ജഗതിയില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍
നേമത്ത് ബിജെപി വിജയിക്കുകയും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്പിന്തളളപ്പെടുകയും ചെയ്തതിനെതിരെ ജെഡിയു പരസ്യമായി ആരോപണമുന്നയിച്ചിരുന്നു. ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജെഡിയുവിനെ കാലുവാരിയതെന്നായിരുന്നു ആരോപണം. മൂന്നാം സ്ഥാനത്തായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.സുരേന്ദ്രന്‍പിളളയ്ക്ക് കിട്ടിയത് 13,860 വോട്ടുകള്‍ മാത്രമാണ്.
പരാതിയെ തുടര്‍ന്ന് കെപിസിസി അന്വേഷണകമ്മീഷനെ നിയമിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ചിലരെ കുറ്റക്കാരായി കണ്ടെത്തി. എന്നാല്‍ ഇതുവരെ സംഘടന നടപടിയെടുക്കാത്തതിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കര്‍ശന നടപടി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടാനാണ് യോഗത്തിന്റെ തീരുമാനം. ജഗതിയില്‍ ചേര്‍ന്ന യോഗത്തില്‍ 200ലെറെ പ്രവര്‍ത്തകരെത്തി. കെപിസിസി പുനസംഘടനയ്ക്ക് മുമ്പ് നടപടി വേണണെന്നാണ് ഇവരുടെ ആവശ്യം
