സീതയ്ക്ക് ജീവിക്കാന്‍ അനുവാദം ലഭിക്കാത്ത വിശുദ്ധ നഗരമായ അയോധ്യയില്‍ അവര്‍ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്

ലക്നൗ: കോടികള്‍ മുടക്കി അയോധ്യയില്‍ രാമപ്രതിമ നിര്‍മിക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഉപദേശവുമായി കരണ്‍ സിംഗ്.കോടികള്‍ മുടക്കി കൂറ്റന്‍ രാമ പ്രതിമ നിര്‍മിക്കുമ്പോള്‍ അതിനൊപ്പം സീതയുടെ പ്രതിമ കൂടി നിര്‍മ്മിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

രാമ പ്രതിമയുടെ ഉയരം കുറച്ച് ആ തുകയ്ക്ക് ഒപ്പം സീതയുടെ പ്രതിമ കൂടി നിര്‍മ്മിക്കണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തില്‍ കരണ്‍ സിംഗ് ആവശ്യപ്പെടുന്നത്. സീതയ്ക്ക് ജീവിക്കാന്‍ അനുവാദം ലഭിക്കാത്ത വിശുദ്ധ നഗരമായ അയോധ്യയില്‍ അവര്‍ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

''രാമപ്രതിമയുടെ ഉയരം പകുതിയായി കുറച്ച് പകരം സീതയുടെ പ്രതിമ കൂടി രാമനൊപ്പം നിര്‍മിക്കൂ. വിവാഹത്തിന് ശേഷം സീത അയോധ്യയിലെത്തി. എന്നാല്‍ ഉടന്‍ തന്നെ രാമലക്ഷ്മണന്മാര്‍ക്കൊപ്പം വനവാസത്തിന് പോയി. അവിടെ നിന്ന് സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് അവര്‍ ശ്രീലങ്കയിലായിരുന്നു. രക്ഷപ്പെടുത്തിയ സീത അഗ്നിപരീക്ഷയാണ് നേരിട്ടത്. ശേഷിയ്ക്കുന്ന സീതയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു. അയോധ്യയില്‍ ഒരു സ്ഥാനം സീത അര്‍ഹിക്കുന്നുണ്ട്'' കത്തില്‍ കരണ്‍ സിംഗ് കുറിച്ചു. 

221 മീറ്റര്‍ ഉയരത്തിലാണ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമ പ്രതിമ നിര്‍മിക്കാന്‍ പോകുന്നത്. എന്നാല്‍ എവിടെയാണ് പ്രതിമയുടെ സ്ഥാനമെന്നോ മറ്റ് വിവരങ്ങളോ ഇതുവരെയും പുറത്തിവിട്ടിട്ടില്ല.