ദില്ലി: കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ദില്ലിയില്‍. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. അന്നേ ദിവസത്തെ സമരപരിപാടികള്‍ക്ക് രൂപം നല്കാനാണ് രാഹുല്‍ യോഗം വിളിച്ചിരിക്കുന്നത്. 

നോട്ട് അസാധുവാക്കല്‍ ചെറുകിട- ഇടത്തരം സംരംഭങ്ങളിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ജി എസ് ടി നടപ്പാക്കിയതിലെ പാളിച്ചകളും യോഗത്തില്‍ ചര്‍ച്ചയാകും. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ജി എസ് ടി എന്ന ആശയം മോശമായ രീതിയില്‍ നടപ്പാക്കി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഒപ്പം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാരുടെ യോഗവും രാഹുല്‍ ഇന്ന് വിളിച്ചിട്ടുണ്ട്.