ഗോവയിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്.  കോൺഗ്രസ് എംഎൽഎമാർ ഗവര്‍ണറെ കാണാൻ രാജ് ഭവനിൽ എത്തി. സംസ്ഥാനം  ഭരണസ്തംഭനത്തിലാണെന്നും തങ്ങളെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നാണ് സൂചന.

പനാജി: ഗോവയിൽ നേത്യത്വമാറ്റ ചർച്ചകൾ ബിജെപിയിൽ പുരോഗമിക്കുന്നതിനിടെ സർക്കാർ ഉണ്ടാക്കാൻ നീക്കുപോക്കുകൾ സജീവമാക്കി കോൺഗ്രസ്. സർക്കാർ രൂപീകരണത്തിനായി തങ്ങളെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഗവർണറെ സമീപിച്ചു. നാളെ ഗവർണറുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തും.

നേതൃമാറ്റം സംബന്ധിച്ച് സംസ്ഥാനത്ത് ബിജെപി നടത്തുന്ന നീക്കങ്ങളിൽ വ്യക്തവരാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേത്യത്വം സർക്കാ‍ർ രൂപീകരണത്തിനായി ശ്രമങ്ങൾ തുടങ്ങിയത്. കർണാടകത്തിലെ പോലെ ഘടകക്ഷികൾക്ക് മുഖ്യമന്ത്രിസ്ഥാനം നൽകി സർക്കാ‍ർ രൂപീകരണത്തിനാണ് കോൺഗ്രസ് ശ്രമം. നിയമസഭയിൽ മൂന്ന് എംഎൽഎമാരുള്ള ഗോവഫോർവേഡ് പാർട്ടിയെ ഒപ്പം കൂട്ടാന്‍ കോൺഗ്രസ് നീക്കം തുടങ്ങി. ഇതിനായി കോൺഗ്രസ് ദൂതൻ ഇവരെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 

പാർട്ടി നേതാവ് വിജയ് സർദ്ദേശായിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ് തയ്യാറായെന്നും വിവരമുണ്ട്. ഗോവ ഫോർവേർ‍ഡ് പാർട്ടിക്ക് ഒപ്പം എൻസിപിയെയും സ്വതന്ത്രരെയും കൂടെകൂട്ടിയാൽ 40 അംഗനിയമസഭയിൽ കോൺഗ്രസിന് സർക്കാ‍ർ രൂപീകരിക്കാനാകും. അതേസമയം ബിജപി കേന്ദ്രനീരീഷകർ ഘടകക്ഷികളായ എംജിപി, ഗോവഫോർവേഡ് പാർട്ടി എന്നിവരുമായി ചർച്ച നടത്തി. മനോഹ‌ർ പരീക്കറീനു പകരം മുതിർന്ന അംഗത്തെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഘടകകക്ഷിളുടെ ആവിശ്യം. ഇതിനുസരിച്ചാൽ എന്തെങ്കിലും ഒരു ഘടകക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകേണ്ടി വരും. ഇതിനു കേന്ദ്രനേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ദേശീയ അധ്യക്ഷൻ അമിത് ഷാ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് കേന്ദ്ര നേതാക്കൾപറയുന്നത്.