സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശാഖകളില്‍ പങ്കെടുക്കാമെന്ന ഉത്തരവ് പിന്‍വലിക്കുമെന്നുമുള്ള ഒറ്റ വാക്യം മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഇത് സംബന്ധിച്ചുള്ളത്. 

ഭോപ്പാല്‍: സര്‍ക്കാര്‍ ഓഫീസുകളിലെ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശാഖകളില്‍ പങ്കെടുക്കാമെന്ന ഉത്തരവ് പിന്‍വലിക്കുമെന്നുമുള്ള ഒറ്റ വാക്യം മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഇത് സംബന്ധിച്ചുള്ളത്. പൊതുഭരണ പരിഷ്കാരങ്ങള്‍ എന്ന തലക്കെട്ടിന് കീഴില്‍ നിരവധി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസിന്റെ വാഗ്ദാനം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഓര്‍ക്കണമെന്ന് പ്രകടന പത്രിക പുറത്തിറക്കവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ഈ വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് ബി.ജെ.പി നടത്തുന്നത്. രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും ആര്‍.എസ്.എസ് ശാഖകള്‍ തടയുമെന്നുമുള്ള ഒറ്റ ലക്ഷ്യം മാത്രമേ കോണ്‍ഗ്രസിനുള്ളൂവെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇത്തരം പരമാര്‍ശങ്ങള്‍ നടത്തിയ കോണ്‍ഗ്രസുകാര്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറ‍ഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമേ പ്രകടന പത്രികയിലുള്ളൂവെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പ്രതികരിച്ചത്.