നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് ലീഗ് തര്‍ക്കം വീണ്ടും രൂക്ഷമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ പതിനെണ്ണായിരത്തിലധികം വോട്ടുകളാണ് ഇത്തവണ യുഡിഎഫിന് കൊണ്ടോട്ടിയില്‍ നഷ്‌ടമായത്.

കൊണ്ടോട്ടിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏററവും കുറഞ്ഞ വോട്ടിനാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി വി ഇബ്രാഹിം ജയിച്ചത്. 2011ല്‍ 28149 ഉണ്ടായിരുന്ന ഭുരിപക്ഷംഇത്തവണ 10654 യി കുറഞ്ഞു. എല്‍ ഡി എഫിന് വോട്ടുകള്‍ വന്‍തോതില്‍ കൂടിയപ്പോള്‍ യുഡിഎഫിന് പല പഞ്ചായത്തുകളിലും നേരിയ തോതില്‍ മാത്രമാണ് വോട്ടു കൂടിയത്. വാഴയുര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 575 വോട്ടു കുറയുകയും ചെയ്തു. പുളിക്കല്‍, ചെറുകാവ് എന്നീ പഞ്ചായത്തുകളിലും യു ഡി എഫിന്‍റ പ്രകടനം ദയനീയമായിരുന്നു.

കോണ്‍ഗ്രസ് - ഇടതുസഖ്യം ഭരിക്കുന്ന കൊണ്ടോട്ടി മുനിസിപ്പാലിററിയിലും ഇടതുപക്ഷം വന്‍മുന്നേററം നടത്തി. വാഴയുര്‍ പഞ്ചായത്തിലടക്കം ബി ജെ പിയും നേട്ടമുണ്ടാക്കി.എ പി സുന്നി വിഭാഗത്തിന്‍റ വോട്ടുകള്‍ യുഡിഎഫിന് നഷ്‌ടമായതിന് പുറമേ കോണ്‍ഗ്രസ് - ലീഗ് തര്‍ക്കം വീണ്ടും വോട്ടുചോര്‍ച്ചയ്‍ക്ക് ഇടയാക്കിയെന്ന കാര്യം ജില്ലാ യു ഡി എഫ് നേതൃത്വത്തിന് തലവേദനയാവുകയാണ്.