ഉമ്മന്‍ ചാണ്ടിയെ വിശ്വാസത്തിലെടുത്തു പോകണമെന്നാണ് നേതൃതലത്തിലെ വികാരം. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി പോകേണ്ടെന്ന നിലപാടാണ് ദേശീയ നേതാക്കളും പങ്കുവച്ചതെന്നറിയുന്നു. ഇതേ അഭിപ്രായം കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ദേശീയ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി പോകരുതെന്ന അഭിപ്രായമാണ് രമേശ് ചെന്നിത്തലയ്ക്കും.
ഘടകക്ഷി നേതാക്കളുമായി ഉറ്റ ബന്ധമുള്ള ഉമ്മന്‍ ചാണ്ടി നേതൃതലത്തിലുണ്ടാകണമെന്ന വികാരമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഡിസിസി പ്രസിഡന്റ് നിയമനത്തിന് പിന്നാലെ ഉടക്കിട്ട് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പക്കാന്‍ ദേശീയ നേതൃത്വം ഇടപെടുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. തന്റെ നിര്‍ദേശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത നേതൃത്വവുമായി നിസഹകരണമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.
ശനിയാഴ്ച ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എഐസിസി സമ്മേളനത്തിന് പോയതുമില്ല. ദില്ലിയിലെത്തിയാല്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാകുന്നത് തടയിടാനാണ് സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് സൂചന. അതേ സമയം ഹൈക്കമാന്‍ഡ് വിളിപ്പിച്ചാല്‍ പോകാതിരിക്കാനാവില്ലെന്ന് എ ഗ്രൂപ്പിലെ ഒരു നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അങ്ങോട്ട് ഒരു ഉപാധിയും വയ്ക്കില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നു.
