രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.    

ദില്ലി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയായ ബാലികയെ പൊലീസുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തെ തുടര്‍ന്ന് ദില്ലിയില്‍ അര്‍ദ്ധരാത്രി കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.

ദില്ലി കോണ്‍ഗ്രസ് ഓഫീസ് മുതല്‍ ഇന്ത്യാഗേറ്റ് വരെയാണ് പ്രതിഷേധം. കത്വയിലെ എട്ട് വയസ്സുകാരിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് മാര്‍ച്ച്. കൂടാതെ ഉന്നോവോ കൂട്ടബലാത്സംഗത്തിലും പ്രതിഷേധം. 

അതേസമയം, കേസന്വേഷിച്ച ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന വിവരണങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.