ലഖ്‍നൗ: യുപിയിലെ തെരഞ്ഞടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയുമായുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. തര്‍ക്കം തീര്‍ക്കാന്‍ ഇന്നലെ രാത്രി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. കോണ്‍ഗ്രസിന് 90 സീറ്റുകള്‍ വരെ നല്‍കാം എന്ന നിലപാടാണ് സമാജ്‍വാദി പാര്‍ട്ടി നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്. എന്നാല്‍ 120 സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.

ഇതിനൊപ്പം അജിത്‍സിംഗിന്‍റെ രാഷ്ട്രീയ ലോക്ദളിനെ കൂടി സഖ്യത്തില്‍ ചേര്‍ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ലാത്ത സമാജ്‍വാദി പാര്‍ട്ടി സഖ്യവുമായി മുന്നോട്ട് പോകുമോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് കൈക്കൊണ്ടേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം സമാജ് വാദി പാർട്ടിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലക്നൗവിൽ നടക്കുന്ന ചടങ്ങിൽ അഖിലേഷിനൊപ്പം മുലായവും പങ്കെടുക്കുമെന്നാണ് സൂചന.