പട്ടികജാതി പട്ടികവര്‍ഗക്കാരെയും പിന്നാക്കക്കാരെയും ആകര്‍ഷിക്കാനുള്ള വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തും. സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ സ്വവര്‍ഗാനുരാഗികളുടെ വിഷയത്തിന് ഊന്നൽ നല്‍കും. 

ദില്ലി: മധ്യവര്‍ഗത്തിന്‍റെ പ്രശ്നങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാൻ കോണ്‍ഗ്രസ്. നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്തൂ. താഴേത്തട്ടുമുതൽ പ്രതിപക്ഷ പാർട്ടികളുമായുള്ള ചങ്ങാത്തം കൂട്ടാനും കോൺഗ്രസ് തീരുമാനിച്ചു. 2014 ൽ മധ്യവര്‍ഗക്കാര്‍ വന്‍തോതിൽ നരേന്ദ്രമോദിയെ പിന്തുണച്ചുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മധ്യവര്‍ഗത്തിന് പ്രത്യേക വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് തീരുമാനം.

പെട്രോള്‍ ഡീസലിന് അടക്കമുള്ള വിലക്കയറ്റം നേരിടാനുള്ള വാഗ്ദാനങ്ങളുമുണ്ടാകും. ചരക്കു സേവന നികുതി ജനപ്രീയകരമാക്കുകയെന്നതാണ് നിര്‍ദേശം. വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രത്യേക പ്രാധാന്യം നല്‍കും. ബി.ജെ.പിയുടെ യൂണിഫോം സിവിൽ കോഡിനെ നേരിട്ട് ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനാണ് മതസ്വാതന്ത്ര്യത്തിനും വ്യക്തിനിയമത്തിനും ഉള്ള ഊന്നൽ. പട്ടികജാതി പട്ടികവര്‍ഗക്കാരെയും പിന്നാക്കക്കാരെയും ആകര്‍ഷിക്കാനുള്ള വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തും. സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ സ്വവര്‍ഗാനുരാഗികളുടെ വിഷയത്തിന് ഊന്നൽ നല്‍കും. 

ലിംഗ സമത്വവും, സ്ത്രീ സംവരണവും നടപ്പാക്കുമെന്ന വാഗ്ദാനവുമുണ്ടാകും. പ്രകടന പത്രിക സമിതിയിലെ ഓരോ അംഗങ്ങള്‍ക്കും വിഷയങ്ങള്‍ വിഭജിച്ച് നല്‍കി. ജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് 100 ദിവസം മുന്പ് പ്രകടനപത്രിക പുറത്തിറക്കാനാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ഐക്യം ഉറപ്പിക്കാനായി പൊതു സമരവേദിയുണ്ടാക്കാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സഖ്യം പൊളിക്കുന്ന നടപടി പാര്‍ട്ടിക്കാരിൽ നിന്നുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ശ്രമം.