മോദിയ്ക്ക് ലോക റെക്കോര്‍ഡ് നല്‍കണം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന് കത്തയച്ച് കോണ്‍ഗ്രസ്

പനാജി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് പരിഗണിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ്. ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയതിന് ലോക റെക്കോര്‍ഡ് നല്‍കണമെന്നാണ് ഗോവ കോണ്‍ഗ്രസ് യൂണിറ്റിന്‍റെ ആവശ്യം. ഇതിനായി നേതൃത്വം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന് കത്തയച്ചു. 

നാല് വര്‍ഷത്തിനുള്ളില്‍ 41 യാത്രകളിലായി 52 രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ലോക റെക്കോര്‍ഡിന് അര്‍ഹനാണെന്നും അദ്ദേഹത്തെ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും കത്തില്‍ പറയുന്നു. കത്തിന്‍റെ പകര്‍പ്പ് ഗോവയിലെ കോണ്‍ഗ്രസ് വക്താവ് സങ്കല്‍പ്പ് അമോങ്കര്‍ ആണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. മോദി തന്‍റെ വിദേശ യാത്രകള്‍ക്കായി മുന്നൂറ്റിമുപ്പത്തിഅഞ്ച് കോടിയിലേറെ രൂപ ( കത്ത് പ്രകാരം 3353038465 രൂപ) ചെലവാക്കിയതായി കത്തില്‍ ആരോപിച്ചിരിക്കുന്നു. 

ഭാവി തലമുറയ്ക്ക മോദി മാതൃകയാണ്. ലോകത്ത് ഒരു രാഷ്ട്രതലവനും തന്‍റെ ഭരണകാലഘട്ടത്തിനുള്ളില്‍ ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ഡശിച്ചിരിക്കില്ല. ഈ യാത്രകള്‍ക്കിടയിലാണ് ഡോളറിനെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഏഷ്യയിലെതന്നെ ഏറ്റവും മോശം അവസ്ഥയിലെത്തി രൂപയുടെ മൂല്യം എന്നും കത്തില്‍ പറയുന്നു. മോദി ഇന്ത്യയിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ചത് വിദേശത്താണെന്നും സങ്കല്‍പ്പ് അമോങ്കര്‍ കുറ്റപ്പെടുത്തി.