കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഒന്നിച്ചു നീങ്ങാൻ കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിരുദ്ധരും കോണ്‍ഗ്രസും തമ്മിൽ ധാരണ. കോട്ടയം ജില്ലയിൽ മാണി വിരുദ്ധര്‍ ഭരിക്കുന്ന പഞ്ചായത്തുകളിൽ പിന്തുണ തുടര്‍ന്നും നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം . പാര്‍ട്ടി യോഗം വിളിക്കണെന്നാവശ്യപ്പെട്ട് മാണി വിരുദ്ധര്‍ കേരള കോണ്‍ഗ്രസിനുള്ളിൽ നീക്കം സജീവമാക്കും
കേരള കോണ്‍ഗ്രസ് എം.എല്‍.എമാരടക്കം കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട് . കെ.എം മാണിയുടെ നിലപാടിലുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തു. കോട്ടയത്തെ തദ്ദേശ സ്ഥാപന ഭരണത്തിൽ മാണി വിരുദ്ധരുമായുള്ള സഹകരണം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം .അതേ സമയം കടുത്ത മാണി അനുകൂലികളുമായുള്ള സഖ്യം ഉപേക്ഷിക്കും.
ജില്ലയിലെ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് കോണ്‍ഗ്രസ് നടത്തി . 22 പഞ്ചായത്തുകളിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്ന് ഭരിക്കുന്നത്. 5 ബ്ലോക്ക് പഞ്ചായത്തുകളിലും സഖ്യമുണ്ട് .ചങ്ങനാശേരി,ഏറ്റുമാനൂര്‍ നഗരസഭകളിലും ഭരണത്തിന് കേരള കോണ്‍ഗ്രസ് പിന്തുണയുണ്ട് .
ഇതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തിലേത് പ്രാദേശിക തീരുമാനമെന്ന മാണിയുടെ വാദത്തെ കേരള കോണ്‍ഗ്രസിലെ മാണി വിരുദ്ധര്‍ തള്ളുന്നു. മോന്‍സ് ജോസഫ് ഇത് പരസ്യമായി പ്രകടിപ്പിച്ചു . മറ്റ് എം.എല്‍.എമാര്‍ക്കും തങ്ങളെ അറിയിക്കാതെ ഇത്തരം തീരുമാമെടുത്തത്തിൽ കടുത്ത അതൃപ്തിയുണ്ട്. മുതിര്‍ന്ന നേതാക്കളും മാണിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ല . ഇടതു മുന്നണി സഹകരണത്തെ എതിര്‍ക്കുന്ന നേതാക്കള്‍ പടി പടിയായ ബദല്‍ നീക്കം നടത്താനുള്ള ഒരുക്കത്തിലാണ്.
