ഉള്ളിയേരി: ഷുഹൈബ് സഹായ നിധി സ്വരൂപിക്കാൻ പോയ കോൺഗ്രസ്സ് പ്രവർത്തകനെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലെ ബൂത്ത് പ്രസിഡന്റ് ഗംഗാധരനാണ് മർദ്ദനമേറ്റത്. ഇയാളെ ഉള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഉള്യേരി മുണ്ടോത്ത് വച്ച് ഗംഗാധരനെ മർദ്ദിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദേശാനുസരണം ശുഹൈബ് കുടുംബ സഹായ നിധി സ്വരൂപിക്കാൻ പോവുകയായിരുന്നു ഗംഗാധരൻ ഉൾപ്പെടെ 4 ബൂത്ത് പ്രസിഡന്റുമാർ. പട്ടിക കഷണം ഉപയോഗിച്ച് ബിജു മാണിക്കോത്ത് എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് ഗംഗാധരൻ പറഞ്ഞു. അടുത്ത പിരിവ് നിനക്ക് വേണ്ടിയായിരിക്കുമെന്നും മർദ്ദനത്തിന് നേതൃത്വം നൽകിയ ആൾ ഭീഷണി പെടുത്തിയതായും ഗംഗാധരൻ പറഞ്ഞു. 

പൊലിസിൽ പരാതി നൽകിയിട്ടും കേസ് എടുക്കാൻ തയ്യാറായില്ലെന്ന് കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു. എം.കെ. രാഘവൻ എം.പി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ഗംഗാധരനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. എന്നാൽ വിഷയത്തിൽ സി പി എം നേതൃത്വം പ്രതികരിച്ചിട്ടില്ല