മുള്‍ട്ടാന്‍: പാക് മോഡല്‍ ഖന്‍ഡീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ചുകൊന്നു. ഇന്നു രാവിലെ മുള്‍ട്ടാനിലായിരുന്നു സംഭവം. ഇളയ സഹോദരന്‍റെ വെടിയേറ്റാണു മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയായി പാകിസ്ഥാനില്‍ വലിയ സംസാരമായ താരമാണ് ബലോചി. മോഡലിംഗില്‍നിന്ന് പിന്മാറണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നതായി ഇവരുടെ കുടുംബത്തോട് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.

മുള്‍ട്ടാനിലാണെങ്കിലും സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ബലോച് താമസിച്ചിരുന്നത് എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. ജീവനു ഭീഷണിയുണ്ടെന്ന് സുരക്ഷ നല്‍കണമെന്നും ബലോച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. 

ഈദുള്‍ ഫിത്വറിനു ശേഷം വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 
മത പണ്ഡിതനും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ മുഫ്തി അബ്ദുള്‍ ഖവിയോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ബലോച് പോസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.