ലക്നൗ: ഏറ്റുമുട്ടലിനിടയിൽ തോക്ക് പൊട്ടാത്തതിനാൽ അക്രമികളെ ' ഠോ ഠോ ' ശബ്ദമുണ്ടാക്കി വിരട്ടിയേടിച്ച പൊലീസുകാരൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ഉത്തർപ്രദേശ് സംഭാലിലെ എസ് ഐ മനോജ് കുമാറിന് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമികളുടെ വെടിയേറ്റ‌ത്. മനോജ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ശബ്ദമുണ്ടാക്കി മനോജ് അക്രമികളെ പേടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മനേജിന് അക്രമികളുടെ വെടിയേറ്റത്. വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ സദ്ദാമെന്ന കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മനോജിന് വെടിയേറ്റതെന്ന് എസ് പി യമുന പ്രസാദ് പറഞ്ഞു. മനോജിന്റെ കൈക്കാണ് വെടിയേറ്റത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രുക്സർ എന്ന കുറ്റവാളിയെ പിടികൂടുന്നതിനിടയിൽ മനോജ് മിമിക്രി കാട്ടിയത്. ഇയാളെ പിന്തുടർന്നെത്തിയ പൊലീസ് സംഘത്തിലെ ഒരാളുടെ തോക്കിൽ നിന്ന് വെടിയുതിർക്കാൻ സാധിച്ചില്ല. ഇതേതുടർന്ന് മനോജ് കുമാര്‍ വെടിയുതിർക്കുന്ന ശബ്ദം അനുകരിക്കുകയായിരുന്നു. 

കരിമ്പിന്‍തോട്ടത്തില്‍ ഒളിച്ച കുറ്റവാളികളെ പേടിപ്പിക്കാനായാണ് പൊലീസുകാരന്‍ ഠോ..ഠോ.. എന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയത്. ഇതിന്റെ  വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ രുക്സറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.