മസ്‌കത്തില്‍ നിന്ന് 180 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഭാഗമായ അല്‍ ബയ്ദയിലാണ് ഗവേഷണം നടത്തിയത്. അല്‍ ബയ്ദ മേഖലയിലുള്ള നാലാം ബ്ലോക്കിലും അല്‍ മഹാബ് മേഖലയിലുള്ള ബ്ലോക്ക് അഞ്ചിലുമാണ് ചെമ്പിന്റെ നിക്ഷേപം കണ്ടെത്തിയത്. അല്‍ മഹാബില്‍ നിന്ന് ലഭിച്ച അയിരില്‍ 23.47 ശതമാനമാണ് ചെമ്പിന്റെ സാന്നിധ്യമുള്ളത്. അല്‍ ബായ്ദയില്‍ നിന്നുള്ള അയിരില്‍ 2.2 ശതമാനമാണ് ചെമ്പിന്റെ സാന്നിധ്യം. ഇവിടെ തന്നെ വെള്ളിയുടെയും സ്വര്‍ണത്തിന്റെയും സാന്നിധ്യവും കണ്ടത്തെിയിട്ടുണ്ട്. 

വെള്ളിയുടെയും സ്വര്‍ണത്തിന്റെയും അളവ് സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരുകയാണ്. രണ്ടിടങ്ങളിലുമായി 10.7 ദശലക്ഷം മുതല്‍ 29 ദശലക്ഷം വരെ ടണ്‍ ചെമ്പയിര് നിക്ഷേപം ഉണ്ട്. ഇതില്‍ നിന്നായി ഒന്നരലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ ടണ്‍ ചെമ്പ് വേര്‍തിരിക്കാന്‍ കഴിയും. രണ്ട് മേഖലകളിലായി ആറിടത്താണ് ഖനനം നടത്തിയത്. അടുത്ത വര്‍ഷത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ചെമ്പ് ഉല്‍പാദിപ്പിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. എണ്ണയിതര മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ഒമാന് പുതിയ കണ്ടെത്തല്‍ ഊര്‍ജം നല്‍കും.