വൃദ്ധദമ്പതികളെ പട്ടാപ്പകൽ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മോഷണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധദമ്പതികളെ പട്ടാപ്പകൽ വീട്ടിനുള്ളില് പൂട്ടിയിട്ട് മോഷണം. വഴി ചോദിക്കാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. സംഭവത്തിൽ മാറനെല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാറനെല്ലൂർ പോങ്ങുംമൂട്ടിൽ മാധവൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ ആൾ വീട്ടിനുള്ളില് കടന്ന് മാധവൻ പിള്ളയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് മാധവൻ പിള്ളയുടെ ഭാര്യയെ ആക്രമിച്ച് രണ്ടേമുക്കാൽ പവന്റെ മാല പൊട്ടിച്ചെടുത്തു. മോഷണത്തിനു ശേഷം മാധവൻ പിള്ളയോടൊപ്പം ഭാര്യ ഗംഗാധരിയെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
