അഞ്ച് വയസ്സുള്ളപ്പോഴാണ് കുഞ്ഞിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും പ്രതീക്ഷ കൈവിടാതെ മകളുടെ ചികിത്സ തുടര്‍ന്നു. ഇതിനിടെയാണ് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത് 

മുംബൈ: ക്യാന്‍സറിന് ചികിത്സയിലിരിക്കെ ബലാത്സംഗത്തിനിരയായ ബാലികയ്ക്ക് നീതി നല്‍കി ബോംബെ ഹൈക്കോടതിയുടെ വിധി. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാലുകാരിക്ക് കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനുള്ള അവകാശമാണ് കോടതി അനുവദിച്ചത്.

അഞ്ച് വയസ്സുള്ളപ്പോഴാണ് കുഞ്ഞിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും പ്രതീക്ഷ കൈവിടാതെ മകളുടെ ചികിത്സ തുടര്‍ന്നു. ഇതിനിടെയാണ് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സംഭവം പൊലീസ് കേസായെങ്കിലും കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കുടുംബം തകര്‍ന്നു. കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ മോശമായതോടെ ഇവര്‍, നീതിക്കായി കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

അപൂര്‍വ്വ സംഭവമെന്ന നിലയ്ക്കാണ് കോടതി ഈ കേസ് പരിഗണിച്ചത്. പെണ്‍കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം കണക്കിലെടുത്ത് 24 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ നീക്കം ചെയ്യാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. നിയമത്തിന്റെ ആനുകൂല്യത്തില്‍ തന്നെയാണ് വിധിയെന്നും കുട്ടിക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു. തുടര്‍ന്നങ്ങോട്ടുള്ള ചികിത്സയ്ക്കും നിയമനടപടികള്‍ക്കും മറ്റ് ചെലവുകള്‍ക്കും മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാനും കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു.