പ്രതികള്‍ക്ക് അധികാരകേന്ദ്രത്തിന്റ താഴേത്തട്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. വലിയ ആസുത്രണത്തോടെ നടത്തിയ കൊലപാതകമാണിത്.  

കോട്ടയം: സാധാരണക്കാരുടെ ജീവിതത്തിന് ഒരു സുരക്ഷയുമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് കൊവിന്റെ കൊലപാതമെന്ന് കോടതി. കേസില്‍ പിടിയിലായ മൂന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഏറ്റുമാനൂര്‍ മജിസ്‍ട്രേട്ട് കോടതിയുടെ പരാമര്‍ശം

പ്രതികള്‍ക്ക് അധികാരകേന്ദ്രത്തിന്റ താഴേത്തട്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. വലിയ ആസുത്രണത്തോടെ നടത്തിയ കൊലപാതകമാണിത്. ഇരക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുപോലെ ഓടുന്ന ചിലരുണ്ട്. ആരൊക്കെയാണ് ഇവര്‍ക്ക് സഹായം ചെയ്ത് കെടുത്തതെന്ന് കണ്ടെത്തണമെന്നും കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതി നിര്‍ദ്ദേശിച്ചു. അഞ്ച് ദിവസത്തേക്കാണ് മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനിടെ ഏറ്റമാനൂര്‍ പീരുമേട് കോടതിയില്‍ കീഴടങ്ങാന്‍ വന്ന, പുനലൂര്‍ സ്വദേശികളായ നിഷാജ് ഷെഫിന്‍ ടിറ്റോ ജെറോം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

ഇന്നലെ കണ്ണൂരില്‍ കീഴടങ്ങിയ ഷാനുവിനെയും അച്ഛന്‍ ചാക്കോയേയും ഐ.ജി. വിജയ് സാഖറേയുടെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലായി ചോദ്യം ചെയ്തു. കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നെന്നും കെവിനെ കൈവശം വെച്ച് നീനുവിനെ വിളിച്ചുവരുത്തുകയുമായിരുന്നു ലക്ഷ്യമെന്നുമാണ് ഇവര്‍ നല്‍കിയ മൊഴി. ഒപ്പം തട്ടിക്കൊണ്ടുപോയ അനീഷിന് ഛര്‍ദ്ദിക്കാനായി തെന്മലയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കെവിന്‍ ഇറങ്ങി ഓടിയെന്നും, പിന്നാലെ എത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതനുള്ള ആരോഗ്യസ്ഥിതി ആ സമയത്ത് കെവിന് ഉണ്ടായിരുന്നില്ലെന്നാണ് അനീഷ് പറഞ്ഞത്. കെവിനെ തട്ടിക്കൊണ്ടുപോയ ഐ20, വാഗണ്‍ ആര്‍ കാറുകള്‍ ഇന്ന് പുനലൂരില്‍ നിന്ന് കണ്ടെടുത്തു. ഇന്നോവ കാര്‍ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.