മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു ഇന്ന് പുതിയ സംഘം അന്വേഷണം ഏറ്റെടുക്കാനാണ് സാധ്യത. ഇതുവരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുതിയ സംഘത്തിന് കൈമാറും. ഇതിനിടെ ഈ മാസം 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ക്രോണിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും .ക്രോണിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയുണ്ട്. മിഷേലുമായി പ്രശ്നങ്ങല്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പള്ളിയില്‍ പോയ ശേഷം വിളിക്കാമെന്നാണ് തന്നോട് അവസാനമായി പറഞ്ഞതെന്നും ക്രോണിന് ഇന്നലെ മൊഴി നല്‍കിയിരുന്നു. 

മിഷേലിന്റെ മരണത്തിന് പിന്നില്‍ ക്രോണിന്റെ മാനസിക പീഡനവും നിരന്തര സമ്മര്‍ദ്ദവുമാണെന്നാണ് പൊലീസ് കേസ്. ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ക്രോണിന്റെ മൊഴി അന്വേഷണ സംഘം മുഖവിലക്കെടുക്കുന്നില്ല. മിഷേലിന്റെ കുടുംബത്തിന് പിന്‍തുണയുമായി സി.എ വിദ്യാര്‍ത്ഥികള്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടി. പിറവത്ത് നിന്നുള്ള സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മിഷേലിന്‍റെ പിതാവ് ഷാജി വര്‍ഗ്ഗിസും സംഘത്തിലുണ്ടാകും.