ഇടുക്കി: സിപിഐയെ ഒറ്റുകാരെന്ന് ആക്ഷേപിച്ച മന്ത്രി എം എം മണിയുടെ നിലപാടാണോ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ. പ്രസ്താവന പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ പറഞ്ഞു.
കയ്യേറ്റമൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐ സ്വീകരിക്കുന്ന നിലപാട് മുന്നണിയിലെ ചിലരെ പ്രകോപിപ്പിക്കുന്നുണ്ട്. അതിനാലാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എം.എം. മണിയെപ്പോലുള്ളവർ സിപിഐയെ തകർക്കാൻ ശ്രമിക്കുന്നത്. സിപിഎം ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഐയുടെ ആവശ്യം. ജില്ലയിലെ സിപിഎം-സിപിഐ തർക്കം പരഹരിക്കാൻ ചർച്ചയല്ല വേണ്ടത്. മറിച്ച് മണി പ്രസ്താവന പിൻവലിക്കണം.
10 മുതൽ നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ജില്ല സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സമ്മേളനത്തിൽ സിപിഐ യെ മുന്നണിയിൽ നിന്നും പുറത്താക്കണമെന്നുവരെ ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ എം.എം.മണിക്കെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉണ്ടാകുമെന്ന് ഉറപ്പാണ്.
