മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരാനിരിക്കെ കുരിശ് പൊളിക്കലില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐയും റവന്യുമന്ത്രിയും രംഗത്തെത്തി. പൊളിച്ചത് കള്ളന്റെ കുരിശെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചപ്പോള്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ നിലപാട് സ്വീകരിക്കുന്നതിനെ തള്ളിപ്പറഞ്ഞ് മന്ത്രി എം.എം മണിയും രംഗത്തെത്തിയതോടെ സി.പി.എം-സി.പി.ഐ തര്‍ക്കം വീണ്ടും പരസ്യമായി.

മൂന്നാര്‍ വിഷയത്തിലുള്ള സി.പി.എം-സി.പി.ഐ തര്‍‍ക്കം രണ്ട് പാര്‍ട്ടികളും പരമാവധി പറഞ്ഞവസാനിപ്പിച്ചതാണ്. പക്ഷേ പ്രശ്നം ഇപ്പോഴും അതേപടി നിലനില്‍ക്കുകയുമാണ്. ഞായറാഴ്ച മുഖ്യമന്ത്രി നേരിട്ട് സര്‍വകക്ഷിയോഗവും മതമേലധ്യക്ഷന്‍മാരുടെയും മാധ്യമ പ്രതിനിധികളുടെയുമൊക്കെ യോഗം വിളിച്ചിരിക്കെയാണ് കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. വൈകിട്ട് ആറ് മണിവരെ എല്ലാവരും കുരിശ് പൊളിച്ചതിന് അനുകൂലമായിരുന്നുവെന്ന് കാനം തുറന്നടിച്ചു. കുരിശ് പൊളിച്ചതില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

വിവാദങ്ങള്‍ക്കിടയിലും മന്ത്രി എം.എം മണി മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ രംഗത്തെത്തി. ശത്രുപക്ഷത്തെ പോലെ മുഖ്യമന്ത്രിക്കെതിരെ സി.പി.ഐക്കാര്‍ നില്‍ക്കരുതെന്നായിരുന്നു മണിയുടെ അഭിപ്രായം. നാളെ നിയമസഭാ സമ്മേളനം പുനഃരാരംഭിക്കാനിരിക്കെ മൂന്നാര്‍ വിഷയത്തില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം വീണ്ടും പരസ്യമായതും, സി.പി.ഐ നേതൃത്വവും റവന്യൂമന്ത്രിയും മുഖ്യമന്ത്രിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചതും എം.എം മണിയുടെ സി.പി.ഐ വിര്‍ശനവും സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ്.