തിരുവനന്തപുരം: ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്ന ജെഡിയു നേതാവ് എം.പി വീരേന്ദ്രകുമാറിനെ പ്രശംസിച്ച് സിപിഐ നേതാക്കള്‍. വീരേന്ദ്രകുമാറിനെ സഖാവെന്നാണ് വിളിക്കാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍ ഈ വിശേഷണം ഇഷ്ടമെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രതികരണം.
ബിനോയ് വിശ്വത്തിന്റെ സ്മരണകളിരമ്പും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കാനം രാജേന്ദ്രനും വീരേന്ദ്രകുമാറും ഒരേ വേദിയിലെത്തിയത്. സഖാവെന്നും സഹയാത്രികനെന്നും വിശേഷിപ്പിച്ച് വീരേന്ദ്രകുമാറിനോടുള്ള ആദരവ് നേതാക്കള്‍ പ്രകടിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള പഴയ ബന്ധങ്ങളുടെ മാധുര്യം ഓര്‍ത്തെടുക്കുന്നതായിരുന്നു വീരേന്ദ്രകുമാറിന്റെ വാക്കുകള്‍. വിയോജിപ്പുള്ളവര്‍ വിരോധികളല്ലെന്ന് ഓര്‍ക്കണമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. സഖാവെന്ന വാക്കിന്റെ അര്‍ത്ഥതലങ്ങളിലൂന്നിയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസംഗം.
ഇടതു പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പോലും സഖാവ് എന്ന വാക്ക് സാര്‍ എന്ന വാക്കിന് കീഴ്‌പ്പെട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാനം രാജേന്ദ്രന്‍ എം.പി വീരേന്ദ്ര കുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലന്‍ അധ്യക്ഷനായിരുന്നു.
