ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ വഴിയിൽ വച്ച് കടന്നുപിടിച്ചെന്നാണ് കേസ്.
തൊടുപുഴ: കരിങ്കുന്നത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റിലായി. പുറപ്പുഴ വള്ളിക്കെട്ടിൽ കുന്നുംപുറത്ത് വിജേഷാണ് പിടിയിലായത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ വഴിയിൽ വച്ച് കടന്നുപിടിച്ചെന്നാണ് കേസ്.
കരിങ്കുന്നം വരികിൽപാറ കോളനിക്ക് സമീപം ചൊവ്വാഴ്ച രാത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പുറപ്പുഴ വള്ളിക്കെട്ട് സ്വദേശി കുന്നുംപുറത്ത് വിജേഷ് അറസ്റ്റിലായത്. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണത്തിനിരയാത്. റോഡരികിലെ ഒരു വീട്ടിൽ ഇരുചക്ര വാഹനം വച്ച ശേഷം യുവതി കോളനിയിലെ സ്വന്തം വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. പരിസരത്ത് നേരത്തേ നിലയുപ്പിച്ചിരുന്ന വിജേഷ് പിന്നിലൂടെ ചെന്ന് കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കേസ്.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പരിസരത്ത് ഒളിപ്പിച്ചു വച്ചിരുന്ന ബൈക്കുമെടുത്ത് വിജേഷ് കടന്നുകളഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കരിങ്കുന്നം പോലീസ് യുവതിയുടെ മൊഴിയെടുത്തു. തുടർന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വള്ളിക്കെട്ടിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അതിക്രമത്തിനും മാനഭംഗത്തിനുമായി ഐ.പി.സി 447, 354 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സിപിഎം ബ്രാഞ്ച് അംഗമായ പ്രതി വിജേഷ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനാണെന്നും പോലീസ് പറഞ്ഞു.
