ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട നടപടി യോഗത്തിൽ റിപ്പോർട്ട് ചെയ്യും. ഇക്കാര്യത്തിൽ ചർച്ച ആവശ്യമെങ്കിൽ നാളെ നടക്കുമെന്ന് നേതൃത്വം അറിയിച്ചു

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളെ കുറിച്ചാണ് മുഖ്യചർച്ച. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട നടപടി യോഗത്തിൽ റിപ്പോർട്ട് ചെയ്യും. ഇക്കാര്യത്തിൽ ചർച്ച ആവശ്യമെങ്കിൽ നാളെ നടക്കുമെന്ന് നേതൃത്വം അറിയിച്ചു.

ലൈംഗികപീഡന പരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ മാത്രം സസ്പെൻഷൻ തീരുമാനിച്ചതെന്ന് പെൺകുട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നു. നേരത്തെ, ശശിക്കെതിരായ നടപടി വെെകിയപ്പോള്‍ കേന്ദ്ര നേതൃത്വം ഇടപ്പെട്ടിരുന്നു.

ഇതോടെ സസ്പെൻഡ് ചെയ്യാനുള്ള കടുത്ത തീരുമാനത്തിലേക്ക് സംസ്ഥാന കമ്മിറ്റി എത്തുകയായിരുന്നു. പാർട്ടി സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നു എന്ന പരാതിക്കിടയാക്കാത്ത തീർപ്പ് വേണമെന്ന അഭിപ്രായം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതാക്കളെ അറിയിച്ചതോടെയാണ് നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

അതേസമയം, ശശിയെ സംസ്ഥാന നേതാക്കൾ സംരക്ഷിക്കുന്നു എന്ന് വി എസ് അച്യുതാനന്ദൻ യെച്ചൂരിയെ നേരിൽ വിളിച്ച് പരാതി പറഞ്ഞതും നടപടിയെടുക്കാന്‍ കാരണമായി. പക്ഷേ, ആറ് മാസത്തെ സസ്പെന്‍ഷന്‍ നല്‍കിയിട്ടും ശശി പാര്‍ട്ടി വേദികളില്‍ എത്തിയിരുന്നു.

എംഎല്‍എ എന്ന രീതിയിലാണ് ശശി വന്നതെന്നുള്ള വിശദീകരണമാണ് ഈ വിഷയത്തില്‍ പാലക്കാട്ടെ സിപിഎം നേതൃത്വം നല്‍കിയത്. ശശിയുടെ വിഷയത്തിനുപരി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നൊരുക്കങ്ങളെപ്പറ്റിയാകും കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യുക. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞതോടെ പാര്‍ട്ടിക്ക് ഇപ്പോള്‍ എട്ട് നിയമസഭകളില്‍ പ്രതിനിധികളായിട്ടുണ്ട്.