കോൺഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മിലെ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസിനെ കൂട്ടുപിടിച്ച് സിപിഎം ബിജെപിയെ എതിർക്കണമെന്ന ഇർഫാൻ ഹബീബ് ഉൾപ്പടെ ചില ബുദ്ധിജീവികളുടെ ആവശ്യം ചർച്ചകൂടാതെ തള്ളണമെന്ന് പാർട്ടി പിബിയിൽ ഭൂരിപക്ഷമുള്ള പ്രകാശ്കാരാട്ട് പക്ഷം ആവശ്യപ്പെട്ടു. ഇതിനിടെ കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്ന നിലപാടില്ലെന്ന് ബംഗാൾ ഘടകം വീണ്ടും വ്യക്തമാക്കി.
കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്നും പശ്ചിമ ബംഗാൾ ഘടകം തെറ്റു തിരുത്തണമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതിനു ശേഷവും സിപിഎമ്മിനുള്ളിൽ ഭിന്നത രൂക്ഷമായി തുടരുകയാണ്. കേന്ദ്രകമ്മിറ്റി നിർദ്ദേശം ബംഗാൾ ഘടകം തള്ളിയെന്ന മാധ്യമ റിപ്പോർട്ടുകൾ ഇന്നലെ പിബി തള്ളിയിരുന്നു. എന്നാൽ തൃണമൂലിന്റെ ഭീകരതയ്ക്കെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ ചെറുത്തുനില്‍പ് തുടരും എന്നാണ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയത്. ബംഗാളിൽ ഇപ്പോൾ ഏതു പ്രതിപക്ഷ രാഷ്‍ട്രീയനീക്കത്തിനു നേരെയും തൃണമൂലിന്റെ ഭീകരതയും അക്രമവും ഉണ്ട്. അതിനാൽ ഫലത്തിൽ എല്ലാ നീക്കങ്ങളിലും കോൺഗ്രസിനെ കൂടെ നിർത്തും എന്ന നിലപാടിലാണ് ഇപ്പോഴും സംസ്ഥാന നേതാക്കൾ. ഇതിനിടെ പാർട്ടിയുമായി ചേർന്നു നില്ക്കുന്ന പല ബുദ്ധിജീവികളും തർക്കത്തിൽ പങ്കു ചേരുകയാണ്. കോൺഗ്രസല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയും ആർഎസ്എസുമാണ് മുഖ്യ ശത്രു എന്ന കത്ത് ഇർഫാൻ ഹബീബ് പോളിറ്റ് ബ്യൂറോയ്ക്കു നല്കിയിരുന്നു. കോൺഗ്രസിനെ കൂട്ടുപിടിച്ച് ബിജെപിയെ എതിർക്കണമെന്ന ഇർഫാൻ ഹബീബിന്റെ നിലപാട് അപഹാസ്യമാണെന്നും ഇത് പിബി ചർച്ച ചെയ്യുക പോലുമില്ലെന്നും പ്രകാശ് കാരാട്ടിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി. ഇതിനിടെ കാരാട്ട് മോദിക്കെതിരെ മൃദു സമീപനമെടുക്കുന്നത് ബാഹ്യസമ്മർദ്ദം കാരണമാണെന്ന ആരോപണം ബംഗാൾ ഘടകം ഉന്നയിക്കുന്നുണ്ട്. ഒരു കേന്ദ്രകമ്മിറ്റി അംഗത്തിന്റെ രാജിക്കിടയാക്കിയ ഭിന്നത എന്തായാലും ഓരോ ദിവസവും കൂടിവരുന്ന കാഴ്ചയാണ് സിപിഎമ്മിൽ കാണുന്നത്.
കോൺഗ്രസ് സഹകരണം, സിപിഎമ്മിലെ ഭിന്നത തുടരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
