ദില്ലി: ദേശീയതലത്തില്‍ വലിയ തിരിച്ചടി നേരിടുന്ന സിപിഐഎമ്മിന് വലിയ ആശ്വാസമാകുകയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കാഴ്ചകള്‍. മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന്റെ നിലപാടുകള്‍ക്ക് ഇനി സിപിഐഎം പോളിറ്റ് ബ്യൂറോയിലും വലിയ സ്വീകാര്യത കിട്ടും. പിണറായിയുടെ ഭരണപാടവം സഹായകരമാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതീക്ഷ പ്രകടിപ്പിച്ചു. ഒപ്പം പാര്‍ട്ടി കൂട്ടായി എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസ് ഉള്‍പ്പടെ പല പ്രതിസന്ധികള്‍ ഉയര്‍ന്നപ്പോഴും സി പി ഐഎം കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ പിണറായി വിജയനായിരുന്നു. വിഎസിനെ നടപടിയെടുക്കാതെ സംരക്ഷിച്ചു നിറുത്തുമ്പോഴും പാര്‍ട്ടിയില്‍ പിണറായി വിജയന്റെ അപ്രമാദിത്വത്തെ സി പി ഐ എം നേതൃത്വം ഒരിക്കലും തള്ളിക്കളഞ്ഞിരുന്നില്ല. പുതിയ സാഹചര്യത്തില്‍ പിണറായിയുടെ നിലപാടുകള്‍ കേന്ദ്ര നേതൃത്വത്തിലും നിര്‍ണ്ണായകമാകും.

തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കാഴ്ചകള്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് വലിയ ആശ്വാസമാണ്. പശ്ചിമബംഗാള്‍ എന്ന ഇടതുകോട്ട തകര്‍ന്നു. ത്രിപുരയില്‍ ഭരണമുണ്ടെങ്കിലും അവിടെയും തൃണമൂലും ബിജെപിയും പുതിയ വെല്ലുവിളികളാകുന്നു. ആ സാഹചര്യത്തില്‍ കേരളത്തിലെ ഈ ഭരണം ഇടതുപക്ഷത്തിന് അനിവാര്യമായിരുന്നു. ഇതിനു മുമ്പ് 2006ല്‍ വിഎസ് സത്യപ്രതിജ്ഞ ചെയതപ്പോള്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും ജ്യോതിബസുവും ആശംസകള്‍ നേര്‍ന്നിരുന്നു. സി പി ഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോയിലെ എല്ലാ നേതാക്കളും വിടവാങ്ങിയ ശേഷം അധികാരത്തിലേറുന്ന ഇടതുസര്‍ക്കാരിന് ഇടതുപക്ഷത്തെ ഇന്ത്യയില്‍ പിടിച്ചു നിറുത്തുക എന്ന ദൗത്യം കൂടിയുണ്ട്.