കൊല്‍ക്കത്ത: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന പ്രമേയം പോളിറ്റ് ബ്യൂറോയ്‌ക്ക് അയക്കാന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് പിബിയിലെ പ്രകാശ് കാരാട്ട് വിഭാഗം നിലപാടെടുക്കുമ്പോഴാണ് ബംഗാളിന്റെ ഈ നീക്കം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ കാലാവധി ആഗസ്റ്റില്‍ അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലെ പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് തള്ളി വീണ്ടും പശ്ചിമ ബംഗാള്‍ ഘടകം രംഗത്തെത്തുകയാണ്. യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന പ്രമേയം ഇന്നലെയും ഇന്നുമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം പാസാക്കി. പ്രമേയം പിബിക്ക് അയയ്‌ക്കാനാണ് ധാരണ. പാര്‍ട്ടിയുടെ ശബ്ദം പാര്‍ലമെന്റില്‍ ശക്തമായി ഉയരാന്‍ ഇത് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്‌ക്കാമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കില്ല എന്ന് യെച്ചൂരി തന്നെ നേരത്തെ വ്യക്തമാക്കിയതാണെങ്കിലും ബംഗാള്‍ ഘടകത്തിന്റെ ഈ നീക്കം ജനറല്‍ സെക്രട്ടറിയുടെ കൂടി അറിവോടെയാണെന്ന് എതിര്‍പക്ഷം സംശയിക്കുന്നു. 6,7 തീയതികളില്‍ പിബിയോഗം നടക്കാനിരിക്കെയാണ് ബംഗാള്‍ സംസ്ഥാന സമിതി ഇന്ന് ഈ പ്രമേയം അംഗീകരിച്ചത്.
യെച്ചൂരി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം എതിര്‍പക്ഷം ഉന്നയിച്ചേക്കും. ഇത് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടേ എന്നാണ് ബംഗാള്‍ ഘടകം പറയുന്നത്.
