തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം. ആർ.എസ്.എസിനും എസ്.ഡി.പി.ഐക്കും കിട്ടുന്ന പരിഗണന പോലും പൊലീസില്‍ നിന്ന് സിപിഎമ്മിന് കിട്ടുന്നില്ലെന്ന് സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജില്ലാക്കമ്മിറ്റി ഓഫീസിന് നേരെ പോലും അക്രമമുണ്ടായി. ഏരിയാ കമ്മിറ്റിയംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല. പാർട്ടി പ്രവർത്തകരെ പോലീസ് കേസിൽ കുടുക്കുന്നുവെന്നും പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.

പൊലീസിന്റെ കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടേണ്ടെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തെയും പ്രതിനിധികള്‍ ചോദ്യം ചെയ്തു. പോലീസിനെ ആരും നിയന്ത്രിക്കാൻ പോകുന്നില്ല, മറിച്ച് പോലീസാണ് പക്ഷപാതപരമായി പെരുമാറുന്നത്. എം.വി ജയരാജൻ വന്നതിന് ശേഷമാണ് പോലീസ് വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ പറ്റുന്നതെന്നും അഭിപ്രായമുയര്‍ന്നു. 

സി.പി.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന സി.പി.ഐക്കെതിരെയും ജില്ലാ സമ്മേളന പ്രതിനിധികള്‍ രൂക്ഷമായി പ്രതികരിച്ചു. സി.പി.ഐയെ ചുമക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ല. സി.പി.എമ്മിനെ വിമർശിക്കുന്നത് കൊണ്ടാണ് ഒരു ചാനൽ ന്യൂസ് മേക്കർ അവാർഡ് കാനത്തിന് കൊടുത്തതെന്നും സി.പി.ഐ ജില്ലാ സമ്മേളനങ്ങൾ നടത്താൻ സര്‍ക്കാര്‍ വകുപ്പുകളെ ഉപയോഗപ്പിലെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.